പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ വീതം പിഴയും. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ഹരിതയുടെ പിതാവ് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവർക്ക് പാലക്കാട് ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക് റാവു ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി സുരേഷിനും രണ്ടാം പ്രതി പ്രഭുകുമാറിനും കോടതി ചുമത്തിയത്. പിഴത്തുക ഹരിതക്ക് നൽകണമെന്നും കോടതി വിധിച്ചു.
2020 ഡിസംബർ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമായിരുന്നു കൊലപാതകം. ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്.
കോയമ്പത്തൂരിൽ നിന്ന് വിവാഹാലോചന വന്നതിന്റെ പിറ്റേന്നാണ് ഹരിതയും അനീഷും വീട്ടുകാരറിയാതെ വിവാഹിതരായത്. തുടർന്ന് പിതാവ് പ്രഭുകുമാർ കുഴൽമന്ദം സ്റ്റേഷനിൽ പരാതി നൽകി. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ഹരിത അറിയിച്ചു.
സ്റ്റേഷനിൽ നിന്നിറങ്ങവെ 90 ദിവസത്തിനകം തന്നെ വകവരുത്തുമെന്ന് പ്രഭുകുമാർ അനീഷിനോട് പറഞ്ഞിരുന്നു. പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്‍റെ പിതാവ് ആറുമുഖൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കൊലപാതകം നടന്ന് 75ാം ദിവസം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പി. അനിലാണ് പബ്ലിക് പ്രോസിക്യൂട്ടർ.
നടപ്പായത് 90 ദിവസത്തിനകം താലിയറുക്കുമെന്ന ഭീഷണി
പാലക്കാട്: സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും വിവാഹം കഴിച്ച് 88ാം ദിവസമായിരുന്നു നാടിനെ നടുക്കിയ തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകം. പെയിന്റിങ് തൊഴിലാളിയും സാമ്പത്തികവും ജാതിപരവുമായി തങ്ങളേക്കാൾ പിറകിലുമായിരുന്ന അനീഷിനെ മകൾ വിവാഹം കഴിക്കുന്നതിൽ ഹരിതയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇരു കുടുംബങ്ങളും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നതായും പറയുന്നു. വിവാഹം കഴിഞ്ഞ് 90 ദിവസത്തിനകം താലിയറുക്കുമെന്ന് ഹരിതയുടെ പിതാവ് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നു.
സുരേഷ് കുമാറും പ്രഭുകുമാറും മാരകായുധങ്ങളുമായി ആക്രമിച്ചതിനാൽ തലക്കും തുടയിലും നിരവധി പരിക്കുകളേറ്റ അനീഷിന്‍റെ മരണം രക്തം വാർന്നാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തെ തുടർന്ന് മുങ്ങിയ സുരേഷ് കുമാറിനെ ബന്ധുവീട്ടിൽനിന്നും പ്രഭുകുമാറിനെ കോയമ്പത്തൂരിൽനിന്നുമാണ് പിടികൂടിയത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കൊലപാതക സമയത്ത് അനീഷിന്‍റെ കൂടെയുണ്ടായിരുന്ന സഹോദരൻ അരുണിന്റെയും ഭാര്യ ഹരിതയുടെയും മൊഴികൾ കേസിൽ നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.