തിരുവനന്തപുരം: ഈസ്റ്റർ-റമദാൻ-വിഷു ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സാധനങ്ങളില്ലാതെ ബാനർ മാത്രം കെട്ടി സപ്ലൈകോ. പതിമൂന്നിനം സബ്സിഡി സാധനങ്ങളിൽ പരമാവധി അഞ്ച് സാധനങ്ങൾ മാത്രമാണ് ഭൂരിഭാഗം ഔട്ട് ലെറ്റുകളിലുമുള്ളത്. എല്ലായിനം സാധനങ്ങളും വാങ്ങണമെങ്കിൽ കേരളത്തിന്റെ തെക്ക് മുതൽ വടക്കുവരെ പോകേണ്ട സ്ഥിതിയാണ്.
എറണാകുളത്തെ ഗാന്ധിനഗർ സപ്ലൈകോ ആസ്ഥാനത്ത് ഹൈപ്പർമാർക്കറ്റിലും തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ സപ്ലൈകോ ഔട്ട്ലെറ്റിലും പരമാവധി അഞ്ചിൽതാഴെ സാധനങ്ങൾ മാത്രമാണുള്ളത്.
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് എട്ടുവർഷത്തിന് ശേഷം സബ്സിഡി സാധനങ്ങളുടെ വില ഇടത് സർക്കാർ വർധിപ്പിച്ചത്. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചുകൊണ്ടായിരുന്നു നടപടി. എങ്കിലും പൊതുവിപണിയേക്കാളും വിലക്കുറവെന്നത് മാത്രമായിരുന്നു പൊതുജനത്തിനുള്ള ആശ്വാസം.
ഉത്സവകാലം പ്രമാണിച്ച് ഈ മാസം അവസാനത്തോടെ പഞ്ചസാരയൊഴികെയുള്ള സബ്സിഡി സാധനങ്ങൾ എത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനമല്ലാതെ ഔട്ട് ലെറ്റുകളിലേക്ക് സാധനങ്ങളിലെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.