കൊച്ചി: സംസ്ഥാനത്തെ ഐ.എ.എസുകാരിൽ ചില പ്രശ്നക്കാരുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന്റെ പേരെടുത്തു പറയാതെ പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാറിന് കീഴിൽ ജോലി ചെയ്യുന്ന എല്ലാ ഐ.എ.എസുകാരെയും അടച്ചാക്ഷേപിക്കരുതെന്ന് പറഞ്ഞ കോടിയേരി, ചില ഐ.എ.എസുകാരാണ് പ്രശ്നക്കാർ എന്നും കൂട്ടിച്ചേർത്തു. അവർ സർക്കാറിന് കളങ്കം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടത്തി. അങ്ങനെ ചെയ്തവരെ അത് അവരുടെ തെറ്റായ പ്രവർത്തനം ശ്രദ്ധയിൽപെട്ട ഉടൻ നടപടിക്ക് വിധേയമാക്കി. അത്തരം കാര്യങ്ങൾ തിരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സിവിൽ സർവിസിലെ കൊള്ളരുതായ്മകളെ ചില പ്രതിനിധികൾ വിമർശിച്ചിരുന്നു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേരെടുത്തു പറയാതെ അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാനത്ത് സി.പി.എമ്മിൽ ഇപ്പോഴും വിഭാഗീയതയുടെ അവിശിഷ്ടങ്ങൾ ഉണ്ട്. സംസ്ഥാനതല വിഭാഗീയത പൂർണമായും അവസാനിച്ചെങ്കിലും പ്രാദേശികമായി ചില ആളുകളെ കേന്ദ്രീകരിച്ച് ഗ്രൂപ്പിസം നടക്കുന്നു. അതിനെതിരെ കർശനമായി നടപടി സ്വീകരിക്കും. വിഭാഗീയതയുടെ വിത്തുകൾ വിതറാൻ ആരെയും അനുവദിക്കില്ല. ഇത് പൂർണമായും തുടച്ചുനീക്കാൻ ജില്ല കമ്മിറ്റികളും ശ്രദ്ധിക്കണം.
പാർട്ടി വിദ്യാഭ്യാസം ഇനി താഴെതട്ടുവരെ ശക്തിപ്പെടുത്തും. ബ്രാഞ്ചുകളിലും അനുഭാവി ഗ്രൂപ്പുകളിലും അടക്കം രാഷ്ട്രീയ തീരുമാനം ചർച്ച ചെയ്യണം. അഭിപ്രായങ്ങൾ പറയാനും സംശയം ചോദിക്കാനും അംഗങ്ങൾക്കും അനുഭാവികൾക്കും പൂർണമായ അവസരം നൽകും. അതിനുള്ള മറുപടി നേതൃത്വം നൽകുകയും വേണം.
പാർട്ടിപ്രവർത്തകർ മണൽ, റിയൽ എസ്റ്റേറ്റ് മാഫിയക്കുവേണ്ടി പ്രവർത്തിക്കരുത്. പൊലീസിൽ ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടെന്നും സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. അത് പരിഹരിക്കും. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി എടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.