മലപ്പുറം: റാങ്ക് പട്ടികയുണ്ടായിട്ടും നിയമനം നടത്താത്തതിനാൽ ജോലിഭാരത്തിൽ വീർപ്പുമുട്ടി വനിത ശിശുവികസന വകുപ്പിലെ സൂപ്പർവൈസർമാർ. പദ്ധതികൾ കാലതാമസം കൂടാതെ തീർക്കാൻ രാത്രി വൈകിയും ജോലിയെടുക്കേണ്ട സ്ഥിതിയിലാണിവർ. 2022 ഡിസംബർ ഒന്നിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 2023 ജനുവരി 25ന് 196 പേർക്ക് പി.എസ്.സി നിയമന ശിപാർശ അയച്ചു. എന്നാൽ, ഇതുവരെ ഒരാൾക്കുപോലും നിയമന ഉത്തരവ് ലഭിച്ചില്ല. ഈ തസ്തികയിലേക്ക് വകുപ്പിൽനിന്ന് 269 ഒഴിവുകൾ പി.എസ്.സിയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുച്ഛമായ ഓണറേറിയത്തിന് ജോലി ചെയ്യുന്ന അംഗൻവാടി ജീവനക്കാർക്ക് 12 വർഷത്തിന് ശേഷമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം ലഭിച്ചത്. പരീക്ഷയുടെ പ്രായപരിധി 50 ആയതിനാൽ 2019ൽ 50 വയസ്സായവർപോലും പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇവരിൽ പലർക്കും ഇപ്പോൾ 55 വയസ്സായി. ഈ തസ്തികയിൽ ഇനിയും നിയമനം വൈകിയാൽ ജോലിയിൽ പ്രവേശിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ.
അംഗൻവാടികളിലെ ദൈനംദിന പ്രവർത്തനങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, മൂന്നുവയസ്സുവരെയുള്ള കുട്ടികൾ എന്നിവർക്കുള്ള പോഷകാഹാരം, കൗമാരക്കാർ, ഗർഭിണികൾ എന്നിവരുടെ ആരോഗ്യ പരിചരണം, ഗർഭിണികൾക്ക് ലഭ്യമാകുന്ന സർക്കാർ ധനസഹായം, പ്രീ സ്കൂൾ വിദ്യാഭ്യാസം, വിവിധ സർവേകൾ തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട ജോലികളെല്ലാം ചെയ്യുന്നത് അംഗൻവാടി സൂപ്പർവൈസർമാരാണ്.
ഇവയെല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് പഞ്ചായത്തുതലത്തിൽ ഉറപ്പുവരുത്തി മേലധികൃതർക്ക് റിപ്പോർട്ട് നൽകുന്നതും ഇവരാണ്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ കേന്ദ്രപദ്ധതിയായ പി.എം.എം.വി.വൈ ഫണ്ട് വിനിയോഗം കൃത്യമായി നടപ്പാക്കാനാകുന്നില്ലെന്ന പരാതി വ്യാപകമാണ്. മുഖ്യമന്ത്രി, വകുപ്പുമന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടി വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.