പൊതുടാപ്പുകളുടെ സംയുക്ത ഭൗതിക പരിശോധനയില്ല; നഗരസഭക്ക് നഷ്ടം കോടികളെന്ന് റിപ്പോർട്ട്

കോഴിക്കോട്: 2009 ന് ശേഷം പൊതുടാപ്പുകളുടെ സംയുക്ത ഭൗതികപരിശോധന നടത്തി ഉപയോഗശൂന്യമായ ടാപ്പുകൾ എണ്ണം നിർണിയക്കാത്തതിനാൽ കോഴിക്കോട് നഗരസഭക്ക് കോടി രൂപയുടെ നഷ്ടമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോർട്ട്. പൊതുടാപ്പുകളുടെ സംയുക്ത ഭൗതിക പരിശോധനയുടെ അഭാവമാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. വാട്ടർ അതോറിറ്റിക്കു പിഴയിനത്തിൽ നഗരസഭ അധികമായി നൽകിയത് 24.28 കോടിയെന്ന് പരിശോധനയിൽ കണ്ടെത്തി.

നഗരസഭയുടെ പൊതു ടാപ്പുകളുടെ വെള്ളക്കരവുമായി ബന്ധപ്പെട്ട ഫയലുകൾ പ്രകാരം നഗരസഭ വാട്ടർ അതോറിറ്റിയിൽ അടച്ച വെള്ളക്കരത്തിന്റെ കണക്കുകളിലും, വാട്ടർ അതോറിറ്റി സൂക്ഷിച്ചിട്ടുള്ള കണക്കുകളിലും പൊരുത്തക്കേടുകളാണ്. 2009 ന് ശേഷം പൊതു ടാപ്പുകളുടെ സംയുക്ത ഭൗതിക പരിശോധന നടത്തിയിട്ടില്ല. അതിനാൽ 2018 വരെയും, 2069 ടാപ്പുകൾക്ക് 9,06,222 രൂപയാണ് പ്രതിമാസം വാട്ടർ അതോറിറ്റിയിൽ നഗരസഭ അടക്കുന്നത്. 2019 ഏപ്രിൽ നൽകിയ വാട്ടർ അതോറിറ്റിയുടെ ഡിമാൻറ് നോട്ടീസ് പ്രകാരം നഗരസഭ പരിധിയിലെ 2074 ടാപ്പുകൾക്ക് പ്രതിമാസം 13,62,618 കുടിശ്ശിക ഇനത്തിൽ 10,80,12,674 രൂപ അടിയന്തിരമായി അടക്കാൻ നിർദേശിച്ചു.

നഗരസഭ വാട്ടർ അതോറിറ്റിയിൽ 2018-19, 2019-20 വർഷങ്ങളിൽ അടച്ചത് 11.86 കോടി രൂപയാണ്. അതേസമയം, 2020-21 മുതൽ 2022-23 വരെ പിഴ കൂടാതെ അടക്കേണ്ട തുക 6.77 കോടിയാണെന്ന് പരിശോധയിൽ വ്യക്തമായി. എന്നാൽ, വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടത് 28.24 കോടി രൂപയാണ്.

2018-19,2019-20 വർഷങ്ങളിൽ പൊതു ടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ 11.86 കോടി നഗരസഭയുടെ വികസനഫണ്ടിൽ നിന്ന് സർക്കാർ നേരിട്ട് വാട്ടർ അതോറിറ്റിയിൽ അടച്ചു. അത് പരിശോധിക്കാതെ, 28.24 കോടി രൂപ അധികമായി ഡിമാന്റ് ചെയ്ത നടപടി യഥാസമയം വാട്ടർ അതോറിറ്റി അധികൃതരെ അറിയിക്കാതിരുന്നത് നഗരസഭയുടെ ഭാഗത്തുണ്ടായ വൻവീഴ്‌ചയാണ്.

നഗരസഭയുടെ വെള്ളക്കര കുടിശ്ശിക ഇനത്തിൽ സർക്കാർ അടച്ച 11.86 കോടി വാട്ടർ അതോറിറ്റി പരിഗണിക്കാത്തതിനാലാണ് ആ ഇനത്തിൽ 0.35 കോടി തെറ്റായി ഡിമാൻറ് ചെയ്‌തത്‌. കുടിശ്ശിക ഇനത്തിൽ അടവാക്കിയ തുക കണക്കാക്കിയിരുന്നുവെങ്കിൽ പിഴയിനത്തിലുള്ള 66.53 ലക്ഷം ഒഴിവാകുമായിരുന്നു.

ആദ്യ കാലഘട്ടങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ജല വിതരണ ശൃംഖല കുറവായതിനാലാണ് പൊതു ടാപ്പുകൾ സ്ഥാപിച്ചത്. എന്നാൽ ജൈക്ക, അമ്യത് കുടിവെള്ള പദ്ധതിയിലൂടെ നഗരസഭയുടെ എല്ലാ മേഖലകളിലും ജലവിതരണ ശൃംഖല എത്തുകയും വ്യക്തിഗത ഉപഭോക്താക്കൾക്ക് കുടിവെള്ള കണക്ഷൻ നല്‌കുന്നതിന് ധനസഹായം നൽകുന്നുമുണ്ട്. അതിനാൽ പൊതു ടാപ്പുകളുടെ ഉപയോഗം വളരെ കുറഞ്ഞു.

2009 ന് ശേഷം പൊതുടാപ്പുകളുടെ സംയുക്തഭൗതികപരിശോധന നടത്തി ഉപയോഗശൂന്യമായ ടാപ്പുകൾ എണ്ണം കുറവാക്കി ഡിമാന്റ് ചെയ്യാത്തതിനാൽ പൊതുടാപ്പുകളുടെ വെള്ളക്കരം ഇനത്തിൽ വാട്ടർ അതോറിറ്റിയുടെ ഡിമാന്റ് നോട്ടീസ് പ്രകാരം 2022-23 വർഷത്തിൽ മാത്രം 6.77 കോടിയാണ് നഗരസഭക്ക് അടക്കേണ്ടിവന്നത്.

Tags:    
News Summary - There is no joint physical inspection of public taps, the report says that the loss to the municipality is crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.