കൊച്ചി: നാലുപേരുടെ മരണത്തിനിടയാക്കിയ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഓപൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ ദുരന്തം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമെന്ന് പൊലീസ് ഹൈകോടതിയിൽ. 2015ലെ ഹൈകോടതി ഉത്തരവിനും സർവകലാശാല ഉത്തരവിനും വിരുദ്ധമായാണ് കുസാറ്റിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഉൾക്കൊള്ളാവുന്നതിലും അധികം പേരെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണം. മറ്റു പല വീഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും തൃക്കാക്കര അസി. കമീഷണർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ദുരന്തം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ സമർപ്പിച്ച ഹരജിയിലാണ് പൊലീസിന്‍റെ വിശദീകരണം.
നവംബർ 25ന് സർവകലാശാല ഓഡിറ്റോറിയത്തിൽ ടെക് ഫെസ്റ്റിന്‍റെ ഭാഗമായി ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീതനിശ നടക്കാനിരിക്കേയാണ് ദുരന്തമുണ്ടായത്. സാമൂഹിക മാധ്യമങ്ങൾ വഴി വലിയ പ്രചാരണമാണ് പരിപാടിക്ക് നൽകിയിരുന്നത്. ആയിരംപേരെ ഉൾക്കൊള്ളാനാവുന്ന ഓഡിറ്റോറിയത്തിലേക്ക് കയറാൻ തടിച്ചുകൂടിയെത്തിയത് 4000ത്തിലേറെപ്പേരാണ്. കാമ്പസിന് പുറത്തുനിന്നും ആളുകളെത്തി.
ആളുകളുടെ എണ്ണം സംബന്ധിച്ച് സംഘാടകർക്ക് ധാരണയുണ്ടായിരുന്നില്ല. 80 സെക്യൂരിറ്റി ജീവനക്കാരുണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാൻ നടപടിയുണ്ടായില്ല. കൂടുതൽപേരെ നിയോഗിച്ചുമില്ല. പൊലീസ് സ്റ്റേഷനിലും വിവരം നൽകിയിരുന്നില്ല. ഉച്ചക്ക് റിഹേഴ്സലിനുശേഷം വൈകീട്ട് മൂന്നു ഘട്ടങ്ങളായി കാണികളെ പ്രവേശിപ്പിക്കുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വൈകീട്ട് ആറരക്കായിരുന്നു റിഹേഴ്സൽ. പരിപാടി തുടങ്ങിയെന്ന് ധരിച്ച് കാണികൾ ഓടിക്കയറിയത് അനിയന്ത്രിതമായ തിരക്കിന് കാരണമായി. ഓഡിറ്റോറിയത്തിലേക്കുള്ള ഒരു പ്രധാന ഗേറ്റ് മാത്രമാണ് തുറന്നത്. രണ്ട് ഗേറ്റ് അടച്ചിട്ടു. ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങാനുള്ള ചവിട്ടുപടികളുടെ നിർമാണത്തിലെ അപാകതയും ദുരന്തത്തിന്‍റെ ആഴം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.