കോഴിക്കോട്: ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് എൽ.ഡി.എഫിൽ ചേരാൻ ആലോചിക്കുന്നില്ലെന്നും അത്തരത്തിലുള്ള ചർച്ചകളും മറ്റും ഗൗരവകരമായി കാണുന്നില്ലെന്നും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ദേശീയ തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. എൽ.ഡി.എഫിലൂടെ മാത്രമേ മതനിരപേക്ഷത നിലനിർത്താനാകൂ എന്ന് കരുതുന്നില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോലും കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ദക്ഷിണേന്ത്യയിൽ ഏറെ സ്വീകാര്യതയുള്ള നേതാവായി ഉയർത്തിക്കാട്ടുന്ന എം.കെ. സ്റ്റാലിൻ പോലും രാഹുൽ ഗാന്ധിയെയാണ് ഇന്ത്യയുടെ നേതാവായി ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
''ദേശീയ തലത്തിൽ നേരിടുന്ന ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അത് പരിഹരിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. സഖ്യത്തിലുള്ള മറ്റുള്ളവർക്ക് അവരെ സഹായിക്കാൻ മാത്രമേ കഴിയൂ. തെരഞ്ഞെടുപ്പ് സഖ്യങ്ങളും തന്ത്രങ്ങളും വിപുലീകരിക്കാൻ കോൺഗ്രസ് കഠിനമായി പരിശ്രമിക്കണം. മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കാൻ കോൺഗ്രസ് മുൻകൈയെടുക്കണം. സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ അതിനെ പിന്തുണക്കുകയും വേണം. സി.പി.എമ്മിന് കോൺഗ്രസുമായുള്ള പ്രശ്നം ഇന്ത്യയിലാകെയുള്ളതല്ല, മറിച്ച് അത് കേരളത്തിൽ മാത്രമാണ്.'' -അദ്ദേഹം പറയുന്നു.
''ശക്തമായ ന്യൂനപക്ഷ സമുദായങ്ങൾ ഉള്ളതുകൊണ്ടും ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ടും കാവിയെ ചെറുക്കുന്നതിൽ കേരളം മുൻപന്തിയിലാണ് എന്ന് പറയുമ്പോഴും കോൺഗ്രസ് ഇല്ലെങ്കിൽ കേരളം എങ്ങനെയിരിക്കും എന്നുകൂടി ചിന്തിക്കണം. സി.പി.എമ്മില്ലാത്ത കേരളത്തെപ്പോലെതന്നെ വിനാശകരമായിരിക്കും അത്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഫാഷിസത്തെ ചെറുക്കാനും എല്ലാ പാർട്ടികളും, കോൺഗ്രസ്, സി.പി.എം, ഐ.യു.എം.എൽ ഉൾപ്പെടെ ഇവിടെ ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട്. ബി.ജെ.പി ഒഴികെ മറ്റൊരു ഒരു രാഷ്ട്രീയ പാർട്ടിക്കും ഞങ്ങൾ എതിരല്ല.'' -അദ്ദേഹം പറയുന്നു.
മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള നിലവിലെ സമവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ''ജമാഅത്തെ ഇസ്‌ലാമിയുമായി ഞങ്ങൾ ഒരിക്കലും സഖ്യമുണ്ടാക്കിയിരുന്നില്ല. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുമായി തെരഞ്ഞെടുപ്പ് ധാരണ മാത്രമാണ് നടന്നത്, അതും ചില സ്ഥലങ്ങളിൽ മാത്രം. സി.പി.എം ഇവരുമായി സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അവർ സഖ്യത്തിലേർപ്പെടുമ്പോൾ അത് നല്ല കാര്യമാവുകയും മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് ധാരണയിലെത്തുമ്പോൾ അത് വിവാദമാക്കുകയും ചെയ്യുന്നത് ശരിയല്ല.'' എന്നതായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.