മരണമെത്തുന്ന നേരത്ത് ഇത്തിരി ദയ കാട്ടണേ...

കാസർകോട്: എയിംസ് ഒഴികെ ബാക്കിയെല്ലാ ആവശ്യവും നിറവേറ്റുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനൽകുമ്പോഴും കാസർകോടിന് വിശ്വസിക്കാൻ പ്രയാസം. എൻഡോസൾഫാൻ ദുരിതബാധിതർക്കായി മൂന്നുവർഷം മുമ്പ് ദയാബായി നിരാഹാരം മതിയാക്കി മടങ്ങുമ്പോഴും കേട്ടത് ഇതേ ഉറപ്പുകളായിരുന്നു.

ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാമ്പും അവർക്കുള്ള വിദഗ്ധ ചികിത്സയും കാത്തിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. വിദഗ്ധ ചികിത്സാ സൗകര്യങ്ങളുടെ കുറവുതന്നെയാണ് അന്നും ഇന്നും കാസർകോട്ടെ ജനം നേരിടുന്ന പ്രധാന പ്രശ്നം.

എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ളവർ വിദഗ്ധ ചികിസക്ക് ആശ്രയിക്കുന്നത് മംഗളൂരുവിനെയോ കണ്ണൂരിനെയോ ആണ്. മികച്ച ചികിത്സയുടെ അപര്യാപ്തത കാരണം ഒരുവർഷത്തിനിടെ എൻഡോസൾഫാൻ ദുരിതബാധിതരായ പത്തിലേറെ കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. മുതിർന്നവരുടെ കണക്കുകൂടി എടുത്താൽ എണ്ണം ഇനിയുമുയരും.

ഈവർഷം ഗാന്ധിജയന്തി ദിനത്തിൽ കാഞ്ഞങ്ങാട് കല്ലൂരാവി പുഞ്ചാവിയിലെ 11കാരൻ ഷഹദാണ് ഏറ്റവുമൊടുവിൽ മരിച്ചത്. ആഗസ്റ്റിൽ മാത്രം മൂന്ന് കുട്ടികൾ വിടവാങ്ങി. പെരിയയിലെ പത്തുവയസ്സുകാരൻ ആദിത്തും കിഴക്കുംകരയിലെ ധന്യയും കാറഡുക്കയിലെ സജിനയും.

ചെങ്കളയിലെ 12കാരി ഫാത്തിമ ഫിദയും ബന്തിയോട്ടെ ഇമാദും മരിച്ചത് ജൂലൈയിൽ. കുമ്പഡാജെയിലെ ഹർഷിത, അമ്പലത്തറയിലെ അമേയ, ഇസ്മായിൽ...ഇങ്ങനെ നീളുന്നു ആ പട്ടിക. മെഡിക്കൽ ക്യാമ്പ് നടക്കാത്തതിനാൽ ഇവരിൽ പലരും ദുരിതബാധിതരുടെ ഔദ്യോഗിക പട്ടികയിൽ വരില്ല.

ഹർഷിത ഉൾപ്പെടെയുള്ളവരുടെ മടക്കം അങ്ങനെയാണ്. ദുരിതബാധിതരായിരിക്കുകയും മെഡിക്കൽ ക്യാമ്പ് നടത്താത്തതിനാൽ പട്ടികക്ക് പുറത്താവുകയും ചെയ്തതിനാൽ ഒരാനുകൂല്യവും കിട്ടാത്ത ഹതഭാഗ്യർ അനേകമുണ്ട്.

ദുരിതബാധിതരെ കണ്ടെത്താൻ വർഷംതോറും മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്ന ഉറപ്പ് പാലിക്കാത്തതിനാലാണ് ഈ അവസ്ഥ. 2017ലാണ് ജില്ലയിൽ അവസാനമായി മെഡിക്കൽ ക്യാമ്പ് നടന്നത്.

അഞ്ചുവർഷമായി മുടങ്ങിക്കിടക്കുന്ന ക്യാമ്പിന് രണ്ടുമാസത്തിനകം അപേക്ഷ ക്ഷണിച്ച് തുടങ്ങുമെന്നാണ് ദയാബായിക്ക് ഇപ്പോൾ നൽകിയ ഉറപ്പ്. ദുരിതബാധിതരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് അപേക്ഷകളാണ് ഇതിനകം ലഭിച്ചത്.

Tags:    
News Summary - there is no treatment-More than ten children died in Kasargod within a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.