തൃശൂർ: കാമ്പസുകളിൽ മുസ്‌ലിംകൾ തീവ്രവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സി.പി.എമ്മിന്‍റെ പ്രചാരണവും മാർക്ക് ജിഹാദ് അടക്കമുള്ള സംഘ്പരിവാർ പ്രചാരണവും മുസ്‌ലിം വിരുദ്ധ വംശീയതയും ഇസ്ലാമോഫോബിയയുമാണെന്നും കാമ്പസുകളിൽ ഇതിനെതിരെ രാഷ്ട്രീയ മുന്നേറ്റമുണ്ടാകണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ഇ.എം. അംജദ് അലി. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സംസ്ഥാന കാമ്പസ് നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം പി.ഐ. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.
ദില്ലി സർവകലാശാല പ്രഫസർ ഉയർത്തിയ മാർക്ക് ജിഹാദ് ആരോപണത്തെ ഓടിനടന്നു വിമർശിക്കുന്ന എസ്.എഫ്.ഐ ഈ സമയം വരെ കേരളത്തിലെ കാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സി.പി.എം ആരോപണം തള്ളിപ്പറഞ്ഞിട്ടില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ പറഞ്ഞു. സംസ്ഥാന കാമ്പസ് നേതൃസംഗമം സമാപിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇസ്ലാമോഫോബിയയുടെ നാവായി കമ്യൂണിസ്റ്റ് പാർട്ടി മാറി. അതേസമയം, കേരളത്തെ ലക്ഷ്യം വെച്ച് ഇതര സംസ്ഥാനത്തുനിന്ന് വരുന്ന വർഗീയ പ്രചരണങ്ങളെ ഞങ്ങളാണ് പ്രതിരോധിക്കുന്നതെന്ന ഫാസിസ്റ്റ് വിരുദ്ധ ചാമ്പ്യന്മാർ ചമയുന്ന തിരക്കിലാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ സെഷനുകളിൽ ഐ.ഇ.സി.ഐ സി.ഇ.ഒ ഡോ. ബദീഉസമാൻ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ്, സെക്രട്ടറി ഷിയാസ് പെരുമാതുറ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്മാൻ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.പി. തശ്‌രീഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.