നേമം: ദുരന്തം പതിയിരിക്കുന്ന വയനാട് മാവൂരിലെ വീട്ടിൽനിന്ന് ഒരു കുടുംബം മലയിൻകീഴ് പഞ്ചായത്തിന്റെ സ്നേഹത്തണലിൽ അഭയം തേടിയെത്തി. വയനാട്-കോഴിക്കോട് റോഡിൽ മാവൂർ സ്വദേശി അസ്ലം തിക്കോടി, ഭാര്യ സലീന തിക്കോടി, മകൾ ഒമ്പതാം ക്ലാസുകാരി അംന എന്നിവരാണ് മലയിൻകീഴിലെത്തിയത്. വയനാട് ജില്ലയിലെ പ്രകൃതിക്ഷോഭത്താൽ ഭീതിയിലാണ്ട മനുഷ്യർക്ക് അഭയമൊരുക്കാൻ തങ്ങൾ തയാറെന്ന് മലയിൻകീഴ് പഞ്ചായത്ത് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ അസ്ലം കുടുംബത്തെയും കൂട്ടി ഇവിടേക്ക് എത്തുകയായിരുന്നു. പഞ്ചായത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് അഞ്ച് വീട്ടുകാരാണ് ദുരന്തമുഖത്തുനിന്നെത്തുന്നവരെ തങ്ങളുടെ അതിഥികളായി സ്വീകരിക്കാൻ സ്വന്തം വീടുകളുടെ വാതിലുകൾ തുറന്നിട്ട് കാത്തിരുന്നത്. ഇതിൽ യുവകവി ഷെല്ലി വൈഗയുടെ വീട്ടിലാണ് അസ്ലത്തിനും കുടുംബത്തിനും തണലൊരുക്കിയത്.
മാവൂരിന് സമീപമുള്ള പൊൻപാറക്കുന്ന് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണ്. ഇവിടുള്ളവരെ മെച്ചേരിക്കുന്ന് സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള അഭയാർഥി ക്യാമ്പിലേക്ക് മാറ്റുകയാണ്. അപകടഭീതിയോടെ ദൂരങ്ങൾതാണ്ടി അസ്ലവും കുടുംബവും മലയിൻകീഴിൽ എത്തുകയായിരുന്നു. ഐ.ബി. സതീഷ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എ.വത്സലകുമാരി, സെക്രട്ടറി ബിന്ദു രാജ്, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. ഈ ആശയം മുന്നോട്ട് െവക്കുമ്പോൾ വയനാട് നിന്ന് ഏറെ അകലെയുള്ള ഇവിടേക്ക് ആരെങ്കിലും എത്തുമോ എന്ന് സംശയിച്ചിരുന്നുവെന്ന് മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് ബാബു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.