ചങ്ങരംകുളം: സി.സി.ടി.വി കാമറ ദൃശ്യം പ്രചരിച്ചതോടെ ബൈക്ക് മോഷ്ടാവ് വെട്ടിലായി. ചങ്ങരംകുളത്തുനിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്കാണ് അജ്ഞാതനായ കള്ളന് തിരിച്ചെത്തിച്ച് മുങ്ങിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചിയ്യാനൂര്‍ പാടത്തെ അജ്മലിെൻറ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് പള്ളിക്കര സ്വദേശി നല്കിയ ബൈക്കാണ് വർക്ക്ഷോപ് ഉടമ പുറത്തുപോയ തക്കം നോക്കി യുവാവ് മോഷ്ടിച്ച് കടന്നത്. സമീപത്തെ സ്ഥാപനത്തില്‍നിന്ന് ലഭിച്ച സി.സി.ടി.വി കാമറ ദൃശ്യം സഹിതം ബൈക്ക് ഉടമയും വർക്ക്ഷോപ് ഉടമയും ചങ്ങരംകുളം പൊലീസിൽ പരാതി നല്കി. ദൃശ്യം സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ച മോഷ്ടാവ് ബൈക്ക് ചങ്ങരംകുളത്ത് എത്തിച്ച് സമീപത്തെ മരുന്ന് കടയില്‍ താക്കോൽ ഏല്പിക്കുകയും ഉടമ വന്ന് വാങ്ങുമെന്ന് പറയുകയുമായിരുന്നു.
പിന്നീട് ചങ്ങരംകുളത്തുനിന്ന് ഓട്ടോ വിളിച്ച് ചിറവല്ലൂരിലിറങ്ങി ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോൺ വാങ്ങി വർക്ക്ഷോപ് ഉടമക്ക് വിളിച്ച് ബൈക്ക് ചങ്ങരംകുളത്ത് ഉണ്ടെന്നും കീ മരുന്ന് കടയിൽ ഏല്പിച്ചിട്ടുണ്ടെന്നും അബദ്ധം പറ്റിയതാണെന്നും പറഞ്ഞ് കാള്‍ കട്ടാക്കുകയായിരുന്നു.
ചങ്ങരംകുളം പൊലീസ് ഓട്ടോ ഡ്രൈവറെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഓട്ടോ വാടകക്ക് വിളിച്ച കള്ളന് തെൻറ മൊബൈലില്‍നിന്ന് വർക്ക്ഷോപ് ഉടമക്കാണ് വിളിച്ചതെന്ന് മനസ്സിലായത്. കള്ളനെ തിരിച്ചറിഞ്ഞില്ലെങ്കിലും ബൈക്ക് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് വർക്ക്ഷോപ് ഉടമയും ബൈക്ക് ഉടമയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.