കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ അനുയോജ്യമായ മെട്രോ ഗതാഗത സംവിധാനം ഏതാണെന്ന് പഠനം നടത്തി തീരുമാനിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ. നിർദിഷ്ട ലൈറ്റ് മെട്രോ പദ്ധതികളുടെ ചുമതല കെ.എം.ആർ.എല്ലിന് നൽകി മന്ത്രിസഭ യോഗം തീരുമാനമെടുത്തിരുന്നു.
കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോയാണ് ആദ്യചർച്ചകളിൽ ധാരണയായിരുന്നത്. എന്നാൽ, പുതിയ സാങ്കേതികത സംവിധാനങ്ങളുടെയും നയത്തിന്‍റെയും അടിസ്ഥാനത്തിൽ മറ്റ് മെട്രോകളെക്കുറിച്ചും ചർച്ച നടക്കുകയാണ്. ഇരുനഗരത്തിലെയും ഗതാഗത സാഹചര്യം പഠിച്ച് അനുയോജ്യമായത് തീരുമാനിക്കും. യാത്രക്കാർ എത്രത്തോളമുണ്ടാകുമെന്ന കാര്യങ്ങളിലും വിശദ പഠനം നടക്കും.
കൊച്ചിയുടെ അത്രയും യാത്രക്കാരെ ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ സമാന മെട്രോതന്നെ ആലോചിക്കും. അതിലും കുറവാണെങ്കില്‍ ലൈറ്റ് മെട്രോ, മെട്രോ നിയോ സംവിധാനങ്ങളിലേക്കായിരിക്കും ആലോചനകൾ.
കൊച്ചിയിലേതുപോലുള്ള മെട്രോ സംവിധാനത്തിന് ഒരു കിലോമീറ്ററിന് 200 കോടിയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. ലൈറ്റ് മെട്രോക്ക് കിലോമീറ്ററിന് 150 കോടിയും മെട്രോ നിയോക്ക് 60 കോടിയുമാണ് നിർമാണച്ചെലവ്.
കോഴിക്കോട് 26 കിലോമീറ്റര്‍ വരെയും തിരുവനന്തപുരത്ത് 39 കിലോമീറ്റര്‍വരെയും ദൂരമാണ് മുമ്പ് നടത്തിയ പ്രാഥമിക പഠനത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എട്ട് -പത്ത് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി സർക്കാർ അനുമതിക്കായി സമർപ്പിക്കും.
തിരുവനന്തപുരത്ത് ഉള്ളൂര്‍, ശ്രീകാര്യം, പട്ടം എന്നിവിടങ്ങളിൽ ഫ്ലൈഓവറുകള്‍ നിര്‍മിക്കാനും കെ.എം.ആര്‍.എല്ലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: ജലമെട്രോക്ക് നാല് ബോട്ടുകൾ കെ.എം.ആർ.എല്ലിന് ലഭിച്ചിട്ടുണ്ട്. അഞ്ചാമത്തേത് കപ്പൽശാലയിൽ ട്രയൽ റണ്ണിലാണ്. ഇത് കെ.എം.ആർ.എല്ലിന് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇത്തരത്തിൽ കിട്ടിയാൽ ഒക്ടോബർ ആദ്യത്തിൽ സർവിസ് തുടങ്ങും. വൈപ്പിൻ-ഹൈകോടതി റൂട്ടിലായിരിക്കും ആദ്യ സർവിസ്. ഹൈകോടതി, ബോൾഗാട്ടി, വൈപ്പിൻ ജെട്ടികളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. കാക്കനാട് പാതയിലേക്കുള്ളതിന് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചിട്ടില്ല. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയാക്കിയതായും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.