പയ്യോളി: ഉഴുതുമറിച്ച നെൽവയലുകൾക്ക് സമാനമായ അവസ്ഥയിലാണ് അയനിക്കാട് ഇരിങ്ങൽ ഭാഗത്തെ ദേശീയപാതയോരം. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിൻറെ ഭാഗമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങളിലെ അപാകതകളാണ് ദുരിതത്തിന് കാരണം.
മണ്ണിട്ട് ഉയർത്തുന്ന പുതിയ പാതയുടെ നിർമാണ സ്ഥലത്ത് കാലവർഷം ശക്തിപ്പെട്ടതോടെ ചളിയിൽ പുതഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയാണ്. ചെളി ചവിട്ടാതെ പോകണമെങ്കിൽ റോഡിലൂടെ നടക്കണം. ഇത് വൻഅപകട സാധ്യതയാണ്. വിദ്യാർഥികളടക്കമുള്ളവർക്ക് ബസ്സിറങ്ങാനും കയറാനും സ്റ്റോപ്പിലേക്ക് റോഡരികിലൂടെ നടക്കാനാകുന്നില്ല. ഇതിനെങ്കിലും പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിർമാണ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന പടിഞ്ഞാറുവശത്താണ് ദുരിതം കൂടുതൽ. കൂറ്റൻ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് വയൽ കണക്കെ പാതയോരം ഉഴുതുമറിച്ചിരിക്കുകയാണ്. ദേശീയപാതയിൽനിന്ന് ഇവിടങ്ങളിലെ വീടുകളിലേക്ക് പോകാനാകുന്നില്ല.
ഓവുചാൽ നിർമിച്ചതിന് സമാനമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിലെ മണ്ണ് ക്രമീകരിക്കുമ്പോഴാണ് യന്ത്രത്തിൻ്റെ ബെൽറ്റ് ചക്രങ്ങൾ പതിഞ്ഞ് ഉഴുതുമറിച്ച രീതിയിലാവുന്നത്. മൺസൂൺ സീസൺ കണക്കിലെടുക്കാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള കരാർ കമ്പനിയുടെ പ്രവർത്തനങ്ങൾക്കെതിരെ ജനരോഷം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.