ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച മലയോര മേഖലയിലെ റോഡുകളിൽ കാലവർഷം തുടങ്ങിയതോടെ യാത്ര ദുരിതമായി. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് വാഹനങ്ങൾ പോകാൻ മടിക്കുന്നത് കാരണം വിദ്യാർഥികളടക്കമുള്ളവർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ചിലയിടങ്ങളിൽ കാൽനട യാത്ര പോലും അസാധ്യമാണ്. മഴക്കുമുമ്പ് റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുമെന്ന വാട്ടർ അതോറിറ്റിയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടു. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പുനർ നിർമാണത്തിന് തടസമെന്നാണ് ആരോപണം. മലയോര മേഖലയിലെ യാത്ര ദുരിതങ്ങളിലേക്ക അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ‘മാധ്യമം’ ലേഖകർ
താമരശ്ശേരി: ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി റോഡുകൾ വെട്ടിപ്പൊളിച്ച കട്ടിപ്പാറ, താമരശ്ശേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് തകർന്ന റോഡിലൂടെയുള്ള ദുരിതയാത്രക്ക് അറുതിയാകുന്നില്ല. മഴക്കാലമായതോടെ ദുരിതം ഉച്ഛസ്ഥായിയിലായിട്ടും അധികൃതർക്ക് അനക്കമില്ല. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് വാഹനങ്ങൾപോലും പോകാൻ മടിക്കുന്നത് പ്രദേശവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
കാൽനട പോലും ദുരിതമായ റോഡിലൂടെയാണ് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നടക്കേണ്ടി വരുന്നത്. മഴക്കുമുമ്പ് റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുമെന്ന വാട്ടർ അതോറിറ്റിയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടതും അധികൃതരുടെ അനാസ്ഥയുമാണ് യാത്രക്കാർക്ക് ദുരിതജീവിതം സമ്മാനിക്കുന്നത്.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കട്ടിപ്പാറ പഞ്ചായത്ത്-വില്ലേജ് ഓഫിസ് റോഡ്, കോറി-രണ്ടുകണ്ടി റോഡ്, അമ്പായത്തോട് സ്കൂൾ റോഡ്, അമ്പായത്തോട് കോറി മല റോഡ് എന്നിവ ഉൾപ്പെടെ 12 റോഡുകൾ പൂർണമായും തകർന്നിരിക്കുകയാണ്. 2023 ആഗസ്റ്റിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെ ഗ്രാമപഞ്ചായത്തിൽ എത്തി ഡിസംബറോടെ റോഡുകൾ പുനരുദ്ധരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെന്ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് പറഞ്ഞു.
പിന്നീട് പറഞ്ഞ സമയത്തൊന്നും റോഡുകളുടെ നവീകരണം നടക്കാതായതോടെ ഫെബ്രുവരിയിൽ മലപറമ്പിലെ ജൽ ജീവൻ ഓഫിസിലെത്തി ഭരണ സമിതിയുടെ നേതൃത്വത്തിൽ എൻജിനീയറെ ഘെരാവോ ചെയ്തു. ഭരണ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂർ സമരം ചെയ്തപ്പോൾ പിറ്റേന്ന് എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രാമ പഞ്ചായത്ത് ഓഫിസിലെത്തി.
ചീഫ് എൻജിനീയർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു. മാർച്ച് 20നുള്ളിൽ പ്രവൃത്തി പൂർത്തികരിക്കുമെന്ന് വീണ്ടും എഗ്രിമെന്റ് തന്നു. എന്നാൽ അതും നടന്നില്ല. പിന്നീട് പ്രതിഷേധത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തിയ ജൽ ജീവൻ ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഹാളിൽ പൂട്ടിയിട്ടു. പിറ്റേ ദിവസം പ്രവൃത്തി തുടങ്ങിയെങ്കിലും മഴയെത്തുടർന്ന് ഒലിച്ചുപോയി.
താമരശ്ശേരിയിലും പുതുപ്പാടിയിലും തകർന്ന റോഡുകൾ പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും അധികൃതർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. താമരശ്ശേരിയിലും ചർച്ചക്കെത്തിയ ഉദ്യാഗസ്ഥരെ തടഞ്ഞുവെച്ചിരുന്നു.
തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോ എം.കെ. മുനീർ എം.എൽ.എ, താമരശ്ശേരി റസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനധികളുടെയും യോഗം വിളിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ നിരുത്തരവാദിത്തപരമായ സമീപനങ്ങളാണ് കൈകൊള്ളുന്നതെന്നാണ് എം.എൽ.എയുടെ ആരോപണം. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം കട്ടിപ്പാറ, പുതുപ്പാടി, താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്ക് ഈ മഴ കാലം ദുരിതത്തിന്റെ പെരുമഴക്കാലമാകുകയാണ്.
വടകര: ജൽ ജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടിക്കീറിയ റോഡുകൾ പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് വടകര ജല അതോറിറ്റി ഓഫിസിലേക്ക് എസ്.ഡി.പി.ഐ ഇന്ന് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വടകര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണ്.
കുഴിയെടുത്ത ഭാഗങ്ങളിൽ സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും താഴ്ന്നു പോകുന്നു. അഴിയൂർ,ഒഞ്ചിയം, ഏറാമല,ചോറോട് പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്. കാലത്ത് 10 മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ജില്ല ജനറൽ സെക്രട്ടറി എൻ.കെ. റഷീദ് ഉമരി മാർച്ച് ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല, റൗഫ് ചോറോട്, യാസർ പൂഴിത്തല, കെ.പി. റാഷിദ് എന്നിവർ പങ്കെടുത്തു.
തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.