നിരപരാധിയായ പ്രവാസിയെ മോഷണക്കുറ്റം ആരോപിച്ച് 54 ദിവസം ജയിലിൽ അടക്കുകയും ഒടുവിൽ നിരപരാധിയെന്ന് കണ്ട് മോചിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന പി. ബിജുവിനെതിരെ വകുപ്പുതല നടപടിയെടുത്തത് കഴിഞ്ഞ ദിവസമാണ്. ഒരു വർഷത്തേക്ക് സ്ഥാനക്കയറ്റം ഉൾപ്പെടെ തടഞ്ഞുകൊണ്ടാണ് നടപടി. അതേസമയം, താൻ അനുഭവിച്ച യാതനകൾക്കും അപമാനത്തിനും നഷ്ടങ്ങൾക്കും ഈ ശിക്ഷയൊന്നും മതിയാവില്ലെന്ന് എസ്.ഐയുടെ ദുർവാശിയിൽ ജീവിതം തകർന്ന പ്രവാസി താജുദ്ദീൻ പറയുന്നു. കണ്ണൂർ കതിരൂർ സ്വദേശിയായ താജുദ്ദീൻ മൂന്ന് വർഷം മുമ്പ് മകളുടെ നിക്കാഹിനു വേണ്ടിയാണ് ഖത്തറിൽ നിന്നും 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. എന്നാൽ, ചെയ്യാത്ത കുറ്റത്തിന് ജയിലിൽ അടച്ചതോടെ ജീവിതം തകർന്നു. 54 ദിവസത്തെ ജയിൽജീവിതത്തിന് ശേഷം മോചിതനായി വീണ്ടും പ്രവാസ ലോകത്തേക്ക് തിരിച്ചെങ്കിലും അവിടെയും കാത്തിരുന്നത് ദുർവിധിയായിരുന്നു. വഞ്ചനാകേസിൽ അവിടെയും 25 ദിവസത്തെ ജയിൽ വാസം. ഒടുവിൽ ഖത്തിറലെ ബിസിനസ് മതിയാക്കി തിരികെ നാട്ടിലേക്ക്. ബംഗളൂരുവിൽ സ്വന്തം ബിസിനസ് തുടങ്ങിയെങ്കിലും പച്ചപിടിച്ചില്ല. ഇപ്പോൾ എറണാകുളത്തെ ഒരു സ്ഥാപനത്തിൽ ജോലിക്കാരനാണ് താജുദ്ദീൻ. തന്‍റെ ജീവിതത്തെ ഇത്രമേൽ തകർത്തതിന് എന്തു നഷ്ടപരിഹാരമാണ് ഭരണകൂടവും പൊലീസും നൽകുകയെന്ന് അദ്ദേഹം ചോദിക്കുന്നു.
തലശ്ശേരി കതിരൂർ സ്വദേശി പുല്യോട്ടെ താജുദ്ദീൻ 20 വർഷമായി ഖത്തറിൽ പ്രവാസിയായിരുന്നു. വർഷങ്ങളുടെ അധ്വാനഫലമായുള്ള സ്വന്തം ബിസിനസുമായി ജീവിതം നയിക്കുകയായിരുന്നു. മകളുടെ നിക്കാഹിന് വേണ്ടിയാണ് പ്രവാസലോകത്ത് നിന്ന് 15 ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് വിമാനം കയറിയത്. ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു നാട്ടിൽ. മൂത്ത മകനെ ബംഗളൂരുവിൽ ഉപരിപഠനത്തിന് ചേർക്കണം, കതിരൂരിൽ പുതിയതായെടുത്ത വീട്ടിൽ കുടുംബവുമൊന്നിച്ച് അൽപനാൾ സന്തോഷത്തോടെ കഴിയണം, ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണണം... അങ്ങനെയങ്ങനെ. 2018 ജൂൺ മാസം 25നാണ് താജുദ്ദീൻ നാട്ടിലെത്തുന്നത്. ജൂലെ എട്ടിന് മകളുടെ നിക്കാഹ് ആഘോഷമായി നടന്നു. വാത്സല്യനിധിയായ പിതാവിെൻറ ജീവിതത്തിലെ അമൂല്യ നിമിഷങ്ങൾ. തുടർന്ന്, വരാനിരിക്കുന്ന വിവാഹത്തിെൻറ മുന്നൊരുക്കങ്ങൾ. എന്നാൽ, താജുദ്ദീെൻറ ജീവിതത്തെ തന്നെ കീഴ്മേൽ മറിക്കാനായി ഒരു പൊലീസ് വണ്ടി വീട്ടിലേക്കുള്ള വഴിയരികിൽ കാത്തുകിടപ്പുണ്ടായിരുന്നു.
2018 ജൂലൈ മാസം അഞ്ചാം തീയതി ഉച്ചയോടെ കതിരൂരിൽനിന്ന് 11 കി.മീ അകലെയുള്ള ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചോരക്കുളം എന്ന സ്ഥലത്ത് വെച്ച് ഒരു വീട്ടമ്മയുടെ അഞ്ചരപ്പവൻ സ്വർണമാല സ്കൂട്ടറിലെത്തിയ അജ്ഞാതൻ പൊട്ടിച്ചെടുത്ത് കടന്നുകളയുന്നു. ഹെൽമെറ്റ് ഇല്ലാതെ വന്ന മോഷ്ടാവിനെ നാട്ടുകാർക്ക് പിടികൂടനായില്ല. പൊലീസിെൻറ അന്വേഷണത്തിൽ മോഷ്ടാവിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. വെള്ള ആക്ടീവ സ്കൂട്ടറിലെത്തിയ, കഷണ്ടിയുള്ള, താടിവളർത്തിയ ഒരാൾ. അന്വേഷണത്തിനൊടുവിൽ ജൂലൈ 10ന് പൊലീസ് താജുദ്ദീനെ അറസ്റ്റ് ചെയ്യുന്നു. പൊലീസിന് താജുദ്ദീനെ അറസ്റ്റ് ചെയ്യാൻ ഉണ്ടായിരുന്ന ഒരേയൊരു തെളിവ് സി.സി.ടി.വി ദൃശ്യത്തിൽ കാണുന്ന മോഷ്ടാവുമായുള്ള രൂപസാദൃശ്യം മാത്രം !
"മകളുടെ നിക്കാഹിന് ശേഷമുള്ള ഒരു ഫങ്ഷൻ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു ഞങ്ങൾ. അപ്പോഴാണ് വീട്ടിലേക്കുള്ള വഴിയരികിൽ ഒരു പൊലീസ് ജീപ്പ് കണ്ടത്. അവർ എന്നെ തടഞ്ഞുവെച്ച് ചോദ്യംചെയ്തു. ഫോട്ടോയെടുത്തു. ഒന്നു ഫോൺ ചെയ്തു പറഞ്ഞിരുന്നുവെങ്കിൽ സ്റ്റേഷനിൽ ഹാജരാകുമായിരുന്ന എന്നെ അവർ അർധരാത്രി വഴിയിൽവെച്ച് സാഹസികമായി പിടികൂടി" -താജുദ്ദീൻ പറയുന്നു.
മറക്കാൻ ശ്രമിക്കുന്തോറും നീറിപ്പുകയുകയാണ് താജുദ്ദീെൻറയും കുടുംബത്തിെൻറയും ഉള്ളിൽ പിന്നീടുള്ള അനുഭവങ്ങൾ. 11ാം തീയതി പൊലീസ് താജുദ്ദീെൻറ അറസ്റ്റ് രേഖപ്പെടുത്തി. മാല നഷ്ടപ്പെട്ട വീട്ടമ്മ താജുദ്ദീനാണ് മോഷ്ടാവെന്ന് സ്ഥിരീകരിച്ചു. മാധ്യമങ്ങളിൽ വാർത്തയായി. നവമാധ്യമങ്ങളിലൂടെ വിവരം കാട്ടുതീ പോലെ പടർന്നു -'ചക്കരക്കല്ലിലെ മാലപൊട്ടിക്കൽ; പ്രവാസി പിടിയിൽ'. താജുദ്ദീൻ എന്ന മനുഷ്യനെ അറിയുന്നവർ വാർത്ത കേട്ട് ഞെട്ടി. താജുദ്ദീൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് അവർ ഉറപ്പിച്ച് പറഞ്ഞു.
"മകളുടെ നിക്കാഹിെൻറ തലേദിവസം ഞാൻ മാലപൊട്ടിക്കാൻ പോയെന്നാണോ സർ പറയുന്നത്?"- ചക്കരക്കല്ല് എസ്.ഐ ബിജുവിനോട് താജുദ്ദീൻ കരഞ്ഞ് ചോദിച്ചു. എന്നാൽ, പ്രതി താജുദ്ദീൻ തന്നെയെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു പൊലീസ്. താജുദ്ദീനെ കുടുക്കാൻ കൂടുതൽ തെളിവുകൾ നിർമിക്കുന്ന തിരക്കിലായിരുന്നു അവർ. ആകെയുണ്ടായിരുന്ന തെളിവ് സി.സി.ടി.വി ദൃശ്യത്തിലെ മോഷ്ടാവുമായുള്ള രൂപസാദൃശ്യം മാത്രമായിരുന്നു. തൊണ്ടിമുതലായ മാലയോ, മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടറോ കണ്ടെത്താൻ പൊലീസിനായില്ല. എന്നിട്ടും അവർ ഉറപ്പിച്ചു, പ്രതി താജുദ്ദീൻ തന്നെ. ചക്കരക്കല്ല് പൊലീസ് സ്റ്റേഷ െൻറ ലോക്കപ്പിൽ, ആൾക്കൂട്ടത്തിൽ തുണിയുരിഞ്ഞുപോയവനെപ്പോലെ നിൽക്കുമ്പോൾ, ജന്മനാടിനായി മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ ആ പ്രവാസിയുടെ കണ്ണിൽനിന്ന് ചോര പൊടിഞ്ഞു.
"നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം അറിയാമായിരുന്നു, ആ മാല മോഷ്ടാവ് ഞാനല്ലെന്ന്. എനിക്ക് അതിെൻറ ആവശ്യമുണ്ടായിരുന്നില്ല. മകളുടെ നിക്കാഹിനായി ഖത്തറിൽനിന്ന് വന്ന ഞാൻ മാല പൊട്ടിക്കാൻ പോകുമോ? 15 ദിവസത്തെ ലീവിന് വന്ന എന്നെ പൊലീസ് കള്ളനാക്കി 54 ദിവസം ജയിലിലടച്ചു. അവസാനം ഞാനല്ല കള്ളനെന്ന് തെളിഞ്ഞു. യഥാർഥ കള്ളനെ പിടിച്ചു. അതിനിടയിൽ ഞാനും കുടുംബവും അനുഭവിച്ച അപമാനവും വേദനയും പറഞ്ഞറിയിക്കാനാവില്ല" സങ്കടം ഘനീഭവിച്ച താജുദ്ദീെൻറ മുഖത്ത് ഒരു നിർവികാരതയാണിപ്പോൾ.
"ഉപ്പയെ ഞങ്ങൾക്കറിയുന്നതല്ലേ, ഞങ്ങളുടെ ഉപ്പയല്ലേ. സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും അറിയുന്നതല്ലേ. ഉപ്പയല്ല കള്ളനെന്ന് തെളിയിക്കാൻ തെളിവുകൾ ഞങ്ങൾ കൊടുത്തു. എന്നാൽ, അതവർക്ക് വേണ്ടായിരുന്നു" -താജുദ്ദീെൻറ മൂത്ത മകൻ 21കാരനായ മുഹമ്മദ് തസിൻ ആ നാളുകൾ ഒാർക്കുന്നു. താജുദ്ദീൻ അറസ്റ്റിലായതോടെ വീട്ടിൽനിന്ന് എങ്ങോട്ടും ഇറങ്ങിയിരുന്നില്ല തസിൻ. കള്ളെൻറ വീട്ടുകാർ എന്നല്ലേ നാട്ടുകാർ കാണുക. അതോടെ തസിെൻറ ഉപരിപഠനം മുടങ്ങി. ജൂലൈ 11ന് തസിന് ബംഗളൂരുവിലെ കോളജിൽ ഡിഗ്രീ അഡ്മിഷന് വേണ്ടി പോകേണ്ടതായിരുന്നു. ഉപ്പയോടൊപ്പം പോവാൻ തയാറായി ഇരുന്നതാണ്. തൊട്ടുതലേ ദിവസമാണ് താജുദ്ദീനെ പൊലീസ് പിടികൂടുന്നത്. അതോടെ അഡ്മിഷൻ കാൻസലായി. മറ്റെവിടെയും ചേരാനും പറ്റിയില്ല. പഠനത്തിൽ മികവ് കാട്ടിയിരുന്ന തസിന് അങ്ങിനെ ഒരു വർഷം നഷ്ടമായി.
ചെയ്യാത്ത കുറ്റത്തിന് ഭർത്താവ് അഴിക്കുള്ളിലായതോടെ മക്കളെ ചിറകിലൊതുക്കി നീതിക്കായി പോരാടേണ്ടിവന്നു നസ്രീന എന്ന മാതാവിന്. താജുദ്ദീൻ ജയിലിലായിരുന്ന ദിവസങ്ങളിൽ സമനില തെറ്റുന്ന ഘട്ടം വരെയെത്തി. ഉറങ്ങാൻ പോലും കഴിയാതെയായി. കണ്ണടക്കുമ്പോൾ ജയിലിലെ നിലത്ത് കിടക്കുന്ന ഭർത്താവിനെ കാണും. ആ പ്രവാസിയുടെ ഭാര്യയുടെ ഹൃദയത്തിന് ആഴത്തിൽ മുറിവേറ്റു. അത്രമേൽ അപമാനിതയായി. കാണുന്നവരെല്ലാം ഒരു സംശയദൃഷ്ടിയോടെ നോക്കിത്തുടങ്ങി. അപ്പോഴെല്ലാം കരുത്തായി കൂടെനിന്നത് കുടുംബമാണ്. നിക്കാഹ് കഴിഞ്ഞതിെൻറ രണ്ടാംനാൾ പെൺകുട്ടിയുടെ പിതാവ് മാലമോഷണത്തിന് അറസ്റ്റിലാകുമ്പോൾ ഭർതൃവീട്ടുകാർ എങ്ങിനെ കാണുമെന്ന് വലിയ ആശങ്കയായിരുന്നു. എന്നാൽ, ആശങ്കകൾ അസ്ഥാനത്താക്കി ഭർതൃവീട്ടുകാർ താജുദ്ദീെൻറ കുടുംബത്തിന് ആശ്വാസവുമായെത്തി. താജുദ്ദീെൻറ നിരപരാധിത്വം തെളിയിക്കാനും കുടുംബത്തിന് തണലാവാനും മകളുടെ ഭർത്താവ് മുന്നിട്ടിറങ്ങി.
"ഇളയ മകനും ഞാനും വലിയ കൂട്ടാണ്. നാട്ടിൽ വന്ന ശേഷം എപ്പോഴും ഞങ്ങൾ ഒരുമിച്ചാണ്. അവ െൻറ മുന്നിൽവെച്ചാണ് പൊലീസ് എന്നെ കൊണ്ടുപോയത്. അവ െൻറ മുന്നിൽവെച്ചാണ് എന്നെയും ഭാര്യയെയും കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത്. ഖത്തറിലായിരുന്നപ്പോഴും അവനെ വിളിക്കാതെ ഒരു ദിവസം പോലും ഞാൻ ഉറങ്ങാറുണ്ടായിരുന്നില്ല. ജയിലിൽ കാണാൻ വന്നപ്പോൾ അവൻ 'ഉപ്പാ, വാ നമുക്ക് വീട്ടിൽ പോകാം' എന്ന് പറഞ്ഞ് കരഞ്ഞു. എ െൻറ കുഞ്ഞിനൊരു മുത്തം കൊടുക്കാൻ പോലുമാവാതെ ഞാൻ ഇരുമ്പഴിക്കപ്പുറം തളർന്നുനിന്നു. ഞാനെന്തു ചെയ്തിട്ടാണ്" -പറഞ്ഞുതീരുമ്പോൾ ആ പിതാവിെൻറ ശബ്ദമിടറി.
ഇളയമകൻ മുഹമ്മദ് തസീം അന്ന് രണ്ടാം ക്ലാസ്സിലായിരുന്നു. സ്കൂളിൽവെച്ച് കള്ളന്‍റെ മകൻ എന്ന വിളി കേട്ടതോടെ അവന് സ്കൂളിൽ പോകാൻ മടിയായി. ഞാനിനി അങ്ങോട്ട് പോകുന്നില്ലെന്ന് പറഞ്ഞ് കരയും. 15 ദിവസം പോകാതിരുന്നാൽ സ്കൂളിൽ പേര് വെട്ടും. അതിനാൽ അധ്യാപകർ ഇടക്ക് വന്ന് കൂട്ടിക്കൊണ്ടുപോകും. എന്നാൽ, ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള സമയത്ത് അവൻ വീട്ടിലേക്ക് തന്നെ ഒാടി വരും. ഇവിടെ നിൽക്കണ്ട. ഉപ്പയേയും കൂട്ടി ഖത്തറിലേക്ക് പോകാം എന്ന് പറഞ്ഞ് കരയും.
താജുദ്ദീൻ ജയിലിലായി ദിവസങ്ങൾക്കുശേഷം ഒരു രാത്രിയിൽ കുറച്ചുപേർ വീട്ടിൽവന്നത് നസ്രീന ഒാർക്കുന്നു. അന്ന്, നിക്കാഹ് കഴിഞ്ഞതിന് ശേഷം മകളുടെ ഭർത്താവ് ആദ്യമായി വീട്ടിൽവന്ന ദിവസം കൂടിയായിരുന്നു. വീടൊഴിഞ്ഞ് പോകണമെന്നായിരുന്നു വന്നവരുടെ ആവശ്യം. കള്ള െൻറ കുടുംബം നാട്ടിൽ കഴിയുന്നത് അവർക്ക് മോശമല്ലേ. ഞങ്ങൾ ഇവിടെ പുതിയ വീട് വെച്ചതാണ്. താമസം തുടങ്ങിയിട്ട് അധികകാലമായിട്ടുണ്ടായിരുന്നില്ല. ഈ കുട്ടികളുമായി ഞാൻ എങ്ങോട്ടുപോകാനാണ്. എങ്ങോട്ടും പോകില്ലെന്നും കേസ് തെളിയുമെന്നും താജുദ്ദീെൻറ നിരപരാധിത്വം തെളിയുമെന്നും നസ്രീന അവരോട് പറഞ്ഞു. ആ സംഭവം വലിയ ഷോക്കായി. എന്നാൽ, പിന്നീട് സത്യാവസ്ഥ അവർക്കെല്ലാം മനസ്സിലായി.
തെളിവെടുപ്പിനായി ബന്ധുവീട്ടിൽ ഉൾപ്പെടെ കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ മുന്നിൽ കള്ളനെപ്പോലെ താജുദ്ദീൻ തലകുനിച്ച് നിന്നു. ഒാണവും വലിയപെരുന്നാളുമെല്ലാം ജയിലിനുള്ളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു ആ മനുഷ്യന്. ജാമ്യം നൽകുന്നതിനെ പൊലീസ് എതിർത്തു. പുറംലോകത്ത് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ അഴികൾക്കുള്ളിൽ ആ നിരപരാധിയായ മനുഷ്യൻ നിശ്ശബ്ദം കരഞ്ഞു. വീട്ടുകാർക്കും സങ്കടപ്പെരുന്നാൾ. നിക്കാഹിന് ശേഷം മകളുടെ ഭർത്താവ് താജുദ്ദീനെ ആദ്യമായി കാണാൻ വരുന്നത് ജയിലിലാണ്. പെരുന്നാളിന് പുതുവസ്ത്രവും വാങ്ങി മരുമകൻ വന്നതും ജയിലിലേക്ക് തന്നെ. അത് വാങ്ങുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അതേസമയം, കുടുംബത്തെ വീണുപോകാതെ കൊണ്ടുപോകാൻ ഒരാളുണ്ടല്ലോ എന്ന ആശ്വാസം സമാധാനമേകി.
താജുദ്ദീനല്ല ആ മാല മോഷ്ടാവ് എന്ന് തെളിയിക്കാൻ ആവശ്യത്തിലേറെ തെളിവുകൾ ഉണ്ടായിരുന്നു. പൊലീസ് അവയൊന്നും അന്വേഷിച്ചില്ല. സമാനമായ കൂടുതൽ കേസുകൾ താജുദ്ദീെൻറ തലയിലിടാൻ അവർശ്രമിച്ചു. എടച്ചേരിയിൽ നടന്ന മറ്റൊരു മാലപൊട്ടിക്കൽ കേസിലും പ്രതിയാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജൂലൈ അഞ്ചിന് ചക്കരക്കല്ലിൽ മാലപൊട്ടിക്കൽ നടക്കുമ്പോൾ താജുദ്ദീൻ ഭാര്യക്കും മകൾക്കുമൊപ്പം കതിരൂരിലെ ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയുടെ വീട്ടിലായിരുന്നു. ശേഷം, നിക്കാഹിന് പന്തൽ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പന്തൽക്കാരനെ കാണാനും പോയി. ഇത് രണ്ടും പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ പൊലീസ് പറഞ്ഞത് 'ദൃശ്യം' സിനിമയിലേതിന് സമാനമായി പൊലീസിനെ വഴിതെറ്റിക്കാൻ താജുദ്ദീൻ ഫോൺ ലൊക്കേഷൻ മാറ്റിയെന്നാണ് ! ഭാര്യക്കും മകൾക്കുമൊപ്പം താൻ ആ സമയത്ത് സഞ്ചരിച്ച ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടും പൊലീസ് അത് ചെയ്തില്ല. പകരം അവർ കൂടുതൽ കഥകളുണ്ടാക്കി.
താജുദ്ദീെൻറ പാസ്പോർട്ടും യാത്രാരേഖകളുമെല്ലാം പൊലീസ് പിടിച്ചെടുത്തിരുന്നു. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്ന് പൊലീസ് ശക്തമായി വാദിച്ചതോടെ ജാമ്യം നിഷേധിക്കപ്പെട്ടു.
അതുവരെ ഒരു പെറ്റിക്കേസിൽ പോലും പ്രതിയല്ലാത്ത താജുദ്ദീൻ സ്ഥിരം ക്രിമിനൽ ആണെന്നായിരുന്നു പൊലീസ് ഭാഷ്യം. വിദേശത്തനിന്ന് നാട്ടിലെത്തും, കൃത്യം നടത്തി മടങ്ങും. ആർഭാടജീവിതത്തിനായാണ് മേഷണം നടത്തുന്നത്. മകളുടെ നിക്കാഹ്, മക െൻറ അഡ്മിഷൻ തുടങ്ങിയ സാമ്പത്തിക ബാധ്യതകൾ മുന്നിൽകണ്ടാണ് ചക്കരക്കല്ലിൽ മാലപൊട്ടിച്ചതെന്ന് പൊലീസ് കഥ മെനഞ്ഞു. കുറ്റവാളിയാക്കിയതിനപ്പുറം ത െൻറ ആത്മാഭിമാനത്തെ കൂടിയാണ് പൊലീസ് ചോദ്യംചെയ്തതെന്ന് താജുദ്ദീൻ പറയുന്നു.
താജുദ്ദീെൻറ വീട് പരിശോധിച്ച പൊലീസ് 56,000 രൂപ കണ്ടെടുത്തു. ഇത് മാല വിറ്റ കിട്ടിയ പണമാണെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ, തസിെൻറ അഡ്മിഷന് വേണ്ടി കരുതിയ പണമായിരുന്നു അത്. പണം നൽകി കേസ് ഒത്തുതീർക്കാമെന്ന വാഗ്ദാനം പൊലീസ് തന്നെ താജുദ്ദീെൻറ മുന്നിൽവെച്ചു. എന്നാൽ, തെറ്റ് ചെയ്യാത്ത താൻ എന്തിനാണ് ഒത്തുതീർപ്പിന് സമ്മതിക്കേണ്ടത് എന്ന് ചോദിച്ച് താജുദ്ദീൻ അത് നിരസിച്ചു.
54 ദിവസത്തിന് ശേഷമാണ് താജുദ്ദീന് ജാമ്യം ലഭിച്ചത്. ജയിൽ മോചിതനായി വീട്ടിൽ തിരിച്ചെത്തിയെങ്കിലും എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥ. പുറത്തിറങ്ങാൻ പേടി. കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിമിെൻറ ഇടപെടലുകളാണ് പിന്നീട് താജുദ്ദീെൻറ നിരപരാധിത്വം തെളിയിക്കുന്നതിൽ നിർണായകമായത്. താജുദ്ദീെൻറ മകൻ മുഹമ്മദ് തസിെൻറ ഫേസ്ബുക്ക് സുഹൃത്തായിരുന്നു ടി.വി. ഇബ്രാഹിം എം.എൽ.എയുടെ പേഴ്സനൽ അസിസ്റ്റൻറായ ഷാഹുൽ ഹമീദ് മണ്ണാർക്കാട്. ഷാഹുൽ ഹമീദിനെ തസിൻ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ പറയുന്നു. കാര്യങ്ങൾ വിശദമായി കേട്ട ഷാഹുൽ ഹമീദിന് താജുദ്ദീെൻറ നിരപരാധിത്വം ബോധ്യമായി. തുടർന്ന് എം.എൽ.എയെ കാര്യം ബോധ്യപ്പെടുത്തി. നിരപരാധിയായ പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഡി.ജി.പിയെയും കണ്ടു. വിശദ അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി ശ്രീജിത്തിന് ഡി.ജി.പി അന്വേഷണ ചുമതല നൽകി.
ജയിലിൽ കാണാൻ ചെന്നപ്പോൾ തസിൻ പിതാവിനോട് പറഞ്ഞിരുന്നു, "ഉപ്പാ, ഉപ്പ കള്ളനല്ലെന്ന് നമ്മൾതെളിയിക്കും. ഉപ്പയെ പുറത്തിറക്കും. ആ കള്ളനെയും കണ്ടുപിടിക്കും. എന്നാൽ മാത്രമേ സമാധാനമാകൂ". 19കാരനായ തസിെൻറ വാക്കുകൾക്ക് പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടായിരുന്നു. ചക്കരക്കല്ല് പൊലീസ് താജുദ്ദീനെ കുടുക്കാനായി നുണകൾക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ സത്യം കണ്ടെത്താനായി മറ്റൊരു അന്വേഷണ സംഘം രൂപംകൊണ്ടിരുന്നു -മുഹമ്മദ് തസിെൻറ നേതൃത്വത്തിൽ. താജുദ്ദീെൻറ നിരപരാധിത്വം തെളിയിക്കാൻ പരമാവധി തെളിവുകൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം യഥാർഥ പ്രതിയെ കണ്ടെത്തുകയും വേണം. മുഹമ്മദ് തസിനും കൂട്ടുകാരായ റസിയാൻ, നയീം എന്നിവരും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളാകെ പരിശോധിച്ചു. മാലപൊട്ടിക്കൽ നടക്കുന്ന സമയത്ത് താജുദ്ദീൻ മറ്റൊരിടത്തായിരുന്നുവെന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും 'അന്വേഷണ സംഘം' ശേഖരിച്ചു. ഒപ്പം യഥാർഥ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. നിരപരാധിത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ കാമ്പയിനുകളും നടത്തി. കതിരൂരിലെ ബിസിനസ്സുകാരും സാമൂഹികപ്രവർത്തകരുമായ അസ്ലം അച്ചുവും പി.സി. ഷമീമും താജുദ്ദീന് പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ടായിരുന്നു.
പല സോഷ്യൽ മീഡിയ കൂട്ടായ്മകളിലും പ്രതിയുടെ ദൃശ്യം പ്രചരിപ്പിച്ചിരുന്നു. എവിടെനിന്നെങ്കിലും പ്രതിയെക്കുറിച്ച് വിവരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ.
അതിനിടെ ഡി.ജി.പിയുടെ നിർദേശപ്രകാരം കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ കേസിൽ പുനരന്വേഷണം തുടങ്ങിയിരുന്നു. ഒരുനാൾ താജുദ്ദീെൻറ വാട്സപ്പിലേക്ക് പ്രവാസിയായ സുഹൃത്തിെൻറ സന്ദേശമെത്തി. സി.സി.ടി.വി ദൃശ്യത്തിൽ കാണുന്നയാളെ അറിയാമെന്നും, അന്വേഷിക്കൂവെന്നുമായിരുന്നു സുഹൃത്ത് പറഞ്ഞത്. ഫോൺ നമ്പറും സുഹൃത്ത് നൽകിയിരുന്നു. സുപ്രധാനമായ ഈ തെളിവ് പരിശോധിച്ചപ്പോൾ ചക്കരക്കല്ലിലും എടച്ചേരിയിലും മാലപൊട്ടിക്കൽ നടന്നപ്പോൾ അവിടങ്ങളിലെ ടവർ പരിധിയിൽ ഈ നമ്പരുള്ളതായി കണ്ടെത്തി. ഇതോടെ യഥാർഥ പ്രതിയിലേക്കുള്ള ദൂരം കുറഞ്ഞുവന്നു. മാഹി അഴിയൂർ സ്വദേശി ശരത് വത്സരാജിെൻറതായിരുന്നു ആ നമ്പർ. വിവരങ്ങളെല്ലാം ഡിവൈ.എസ്.പിക്ക് കൈമാറിയിരുന്നു. തുടർന്നാണ്, മറ്റൊരു തട്ടിപ്പ് കേസിൽ പിടിയിലായി കോഴിക്കോട് ജില്ല ജയിലിൽ കഴിയുന്ന ശരത് വത്സരാജ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. ചക്കരക്കല്ലിൽ മാല പൊട്ടിച്ചത് താനാണെന്ന് ചോദ്യംചെയ്യലിൽ വത്സരാജ് സമ്മതിച്ചു. ഡിവൈ.എസ്.പി ഒാഫിസിൽവെച്ച് പ്രതിയെ താജുദ്ദീൻ നേരിട്ട് കണ്ടു. ഏറെ സാമ്യമൊന്നുമുണ്ടായിരുന്നില്ല. താടിവെച്ച, കഷണ്ടിയുള്ള ഒരാൾ. അങ്ങനെ പൊലീസ് തോൽവി സമ്മതിച്ചു. താജുദ്ദീൻ കള്ളനല്ലാതായി. ചക്കരക്കല്ല് പൊലീസ് പിടികൂടിയത് യഥാർഥ പ്രതിയെ അല്ലെന്ന് ഡിവൈ.എസ്.പി റിപ്പോർട്ട് നൽകി.
ഖത്തറിൽ റെൻറ് എ കാർ ബിസിനസായിരുന്നു താജുദ്ദീന്. 15 ദിവസത്തെ ലീവിൽ പോയ താജുദ്ദീനെ കുറിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും വിവരമില്ലാതായതോടെ സാമ്പത്തിക ഇടപാടുണ്ടായിരുന്ന പലരും നെറ്റിചുളിച്ചു. ബിസിനസിൽ എന്നും സത്യസന്ധത കാട്ടിയിരുന്ന താജുദ്ദീൻ തങ്ങളെ കബളിപ്പിച്ചോ എന്നുപോലും അവർ സംശയിച്ചു. ഫോണിലും വാട്സപ്പിലും ബന്ധപ്പെടാൻ പറ്റുന്നുണ്ടായിരുന്നില്ല. പിന്നീട്, നാട്ടിൽ ജയിലിലാണെന്ന് അറിഞ്ഞു. സെക്യൂരിറ്റി ചെക്കുകൾ പലതും മടങ്ങി. ബിസിനസ് തുടരാനാവില്ലെന്ന് സ്പോൺസർ അറിയിച്ചു. വർഷങ്ങൾ കൊണ്ടുണ്ടാക്കിയ ബിസിനസും സൽപ്പേരും എല്ലാം തകരുന്ന അവസ്ഥ. 2018 നവംബർ 26ന് താജുദ്ദീൻ തിരികെ പ്രവാസലോകത്തേക്ക് തന്നെ വിമാനമേറി. എന്നാൽ, നാട്ടിൽ ജയിലിലായ കാലത്ത് ചെക്കുകൾ മടങ്ങിയതോടെ വഞ്ചനാ കേസിൽ 25 ദിവസം ഖത്തറിലും ജയിലിൽ കഴിയേണ്ടിവന്നു.
തന്നെ കള്ളനാക്കി ജീവിതം തന്നെ തകർത്ത സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നിയമപോരാട്ടം തുടരുകയാണ് താജുദ്ദീൻ. എസ്.ഐ ബിജുവിനെതിരെ 1.40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയൽ ചെയ്ത സിവിൽ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതുകൂടാതെ എസ്.ഐക്കെതിരെ ക്രിമിനൽ കേസുമായും മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് താജുദ്ദീൻ. ഇനി മറ്റൊരാൾക്കും തന്‍റെ ഗതി വരരുത്. എത്രയോ താജുദ്ദീൻമാർ ജയിലറകളിൽ കാലം കഴിച്ചുകൂട്ടുന്നുണ്ടെന്നോർക്കണം. അവർക്ക് വേണ്ടി കൂടിയാണെന്‍റെ പോരാട്ടം -താജുദ്ദീൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.