ഈ വർഷം പേ വിഷബാധയേറ്റ 21 പേർ മരിച്ചു, 15 പേരും വാക്സിൻ എടുക്കാത്തവർ -പിണറായി

തിരുവനന്തപുരം: തെരുവിലെ നായ്ക്കളെ തല്ലിയും വിഷം കൊടുത്ത് കൊന്നുകെട്ടിത്തൂക്കിയതുകൊണ്ടും നിലവിലെ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം കൃത്യങ്ങളിലേര്‍പ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. അതുപോലെ വളര്‍ത്തുനായ്ക്കളെ സംരക്ഷിക്കാനും തെരുവില്‍ ഉപേക്ഷിക്കാതിരിക്കാനുള്ള ശ്രദ്ധയും ജനങ്ങളിലുണ്ടാകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വളര്‍ത്തുനായ്ക്കളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അപേക്ഷകള്‍ ഐ.എല്‍.ജി.എം.എസ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകം വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് പഞ്ചായത്ത് ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്ത നായ്ക്കള്‍ക്ക് മെറ്റല്‍ ടോക്കണ്‍/ കോളര്‍ ഉടമയുടെ ഉത്തരവാദിത്തത്തില്‍ ഘടിപ്പിക്കണം. തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കും. തെരുവുനായ്ക്കള്‍ അക്രമാസക്തരാകുന്നതും കൂട്ടം കൂടുന്നതും അവയുടെ കുറ്റം കൊണ്ടല്ല. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് ഇതിന് പ്രധാന കാരണമാണ്. ഇത് ശക്തമായി തടയും. ഇതിനായി ഹോട്ടലുകള്‍, കല്ല്യാണമണ്ഡപങ്ങള്‍, റസ്റ്റാറന്‍റുകള്‍, ഭക്ഷണശാലകള്‍ എന്നിവയുടെ ഉടമകള്‍, മാംസവ്യാപാരികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുമായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും യോഗം വിളിച്ചുകൂട്ടി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കും. പുനരധിവസിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അനിമല്‍ ഷെല്‍ട്ടര്‍ ആരംഭിക്കും.

കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍റെ കണക്കുകള്‍ പ്രകാരം പേ വിഷബാധക്കെതിരെ നൽകുന്ന ആന്‍റി റാബീസ് വാക്സിന്‍റെ ഉപയോഗത്തില്‍ 2021-2022ല്‍ 57 ശതമാനം വർധനയുണ്ട്. റാബീസ് ഇമ്യൂണോഗ്ലോബുലിന്‍റെ ഉപയോഗം ഇക്കാലയളവില്‍ 109 ശതമാനമാണ് വര്‍ധിച്ചത്. ആന്‍റി റാബീസ് വാക്സിനുകളുടെ ഗുണനിലവാരം നിര്‍ണയിക്കുന്നത് കേന്ദ്രസർക്കാറാണ്. കേന്ദ്ര ടെസ്റ്റിങ് ലബോറട്ടറികള്‍ സര്‍ട്ടിഫൈ ചെയ്ത വാക്സിനുകള്‍ മാത്രമാണ് കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്നത്. -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - This year, 21 people have died of pea poisoning, 15 of them unvaccinated - Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.