കോട്ടയം: അനധികൃതമായി വയൽ നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ച കേസിൽ മുൻ മന്ത്രി തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്.െഎ.ആർ. മുൻ ആലപ്പുഴ ജില്ല കലക്ടറടക്കം 22 പേരാണ് അന്വേഷണസംഘം വ്യാഴാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിച്ച പ്രതിപ്പട്ടികയിലുള്ളത്.
അതിനിടെ പരാതിയിൽ ത്വരിതാന്വേഷണം നടത്തി കേസെടുക്കാമെന്ന് ശിപാർശ നൽകിയ അന്വേഷണസംഘത്തെ മാറ്റി . പുതിയ അന്വേഷണസംഘത്തലവൻ തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്നിലെ എസ്.പി കെ.ഇ. ബൈജുവാണ് എഫ്.െഎ.ആർ സമർപ്പിച്ചത്. തോമസ് ചാണ്ടിക്കെതിരായ പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ വിജിലൻസ് കോട്ടയം യൂനിറ്റിലെ ആരും പുതിയ സംഘത്തിലില്ല. കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് അന്വേഷണസംഘത്തെ മാറ്റിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ നടപടിക്രമത്തിെൻറ ഭാഗമായാണിതെന്നാണ് വിജിലൻസ് വിശദീകരണം.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ലേക്പാലസ് റിസോർട്ടിലേക്ക് ആലപ്പുഴ വലിയകുളം മുതൽ സീറോ ജെട്ടിവരെ അനധികൃതമായി റോഡ് നിർമിച്ചെന്നുകാട്ടി അഡ്വ. സുഭാഷ് തീക്കാടനാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. ഇതിൽ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട കോടതി ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തോമസ് ചാണ്ടി അടക്കമുള്ളവർക്കെതിരെ എഫ്.െഎ.ആർ സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
അധികാര ദുർവിനിയോഗം, സർക്കാർ ഫണ്ട് ദുരുപയോഗം, ഗൂഢാലോചന, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2010-2012 കാലത്ത് ജില്ല കലക്ടറായിരുന്ന പി. വേണുഗോപാലാണ് രണ്ടാം പ്രതി. മുൻ എ.ഡി.എം കെ.പി. തമ്പി, ആര്യാട് ബ്ലോക്ക് മുൻ ബി.ഡി.ഒമാരായ വിനോദ്കുമാർ, എം. ഖാലിദ് തുടങ്ങിയവരടക്കം ഹാർബർ എൻജിനീയറിങ് വകുപ്പ്, ആര്യാട് ബ്ലോക്ക്, പഞ്ചായത്തിൽ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരും പ്രതികളാണ്. ഇവർക്കൊപ്പം വാട്ടർ വേൾഡ് ടൂറിസം കമ്പനി ഡയറക്ടറായ തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയടക്കം റിസോർട്ടുമായി ബന്ധപ്പെട്ട എട്ടുപേരുമുണ്ട്.
എഫ്.െഎ.ആർ പരിഗണിച്ച കോടതി ഏപ്രിൽ 19ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകി. എന്നാൽ, അന്വേഷണത്തിന് വിജിലൻസ് ആറുമാസത്തെ സമയം ആവശ്യപ്പെെട്ടങ്കിലും കോടതി അനുവദിച്ചില്ല. ഇതിനിടെ, കേസ് അന്വേഷണം തിരുവനന്തപുരം വിജിലൻസിെൻറ പ്രത്യേക സംഘത്തിന് കൈമാറിയ നടപടി പിൻവലിക്കാൻ നിർദേശം നൽകണമെന്ന പരാതിക്കാരെൻറ ആവശ്യം നിരാകരിച്ചു. അന്വേഷണ സംഘത്തെ മാറ്റിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.