പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ താൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന എക്സിറ്റ് പോൾ വാർത്തയിൽ അധിക്ഷേപ പ്രതികരണം നടത്തിയ സംഘ് പരിവാർ അനുകൂലിക്ക് വായടപ്പൻ മറുപടി നൽകി തോമസ് ഐസക്. ‘ജൂൺ നാലിനുശേഷം’ എന്ന തലക്കെട്ടിൽ ശുചിമുറി വൃത്തിയാക്കുന്ന തോമസ് ഐസക്കിന്‍റെ പടം സമൂഹമാധ്യമമായ എക്സിൽ ചേർത്തായിരുന്നു കമന്‍റ്. സംഘിയുടെ ചിന്തയിൽ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി എന്നാണ് തോമസ് ഐസക് മറുപടി നൽകിയത്. കലവൂർ സ്കൂളിൽ ശുചിത്വദിനാചരണ ചടങ്ങിനു പോയപ്പോഴുള്ള ചിത്രമാണിതെന്നും എം.പി ആയാലും ഇല്ലെങ്കിലും കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തിൽ പ്രവർത്തകനായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മനോരമ സർവ്വേയെ തുടർന്ന് സംഘികൾ അർമാദത്തിലാണ്. പത്തനംതിട്ടയിൽ ഞാൻ മൂന്നാംസ്ഥാനത്ത് ആണത്രേ. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് അറിയാൻ പോകുന്ന കാര്യമല്ലേ. അതുകൊണ്ട് അത് അവിടെ നിൽക്കട്ടെ.
ഒരു സംഘിയുടെ പ്രതികരണം ഇങ്ങനെയാണ് ‘After June 4th’ എന്ന ക്യാപ്ഷനോടുകൂടി X-ൽ എന്റെ പഴയൊരു പടം എന്നെ ടാഗ് ചെയ്തിരിക്കുകയാണ്. ജൂൺ 4-ാം തീയതി കഴിഞ്ഞാൽ എന്റെ പണി ഇതായിരിക്കുമെന്നാണ് അയാളുടെ ട്വീറ്റ്. സംഘിയുടെ ചിന്തയിൽ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി.
X-ൽ എന്റെ മറുപടി ഇതായിരുന്നു: ഇനി എംപി ആയാലും ഇല്ലെങ്കിലും ഞാൻ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തിൽ പ്രവർത്തകനായി ഉണ്ടാകും.
കലവൂർ സ്കൂളിൽ സ്കൂൾ പരിസരവുമെല്ലാം വൃത്തിയാക്കിയശേഷമുള്ള ശുചിത്വദിനാചരണ ചടങ്ങിനു പോയതാണ്. അവിടെച്ചെന്ന ഞാൻ ആദ്യം പറഞ്ഞത് കുട്ടികളുടെ ടോയിലറ്റ് കാണണമെന്നാണ്. ക്ലാസ് മുറികളും സ്കൂൾ പരിസരവുമെല്ലാം പരിപൂർണ്ണമായി വൃത്തിയാക്കിയിട്ടുണ്ട്. പക്ഷേ, ടോയിലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു. മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാൻ വൃത്തിയാക്കാൻ ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ചില അധ്യാപകരും രക്ഷാകർത്താക്കളും കൂടെച്ചേർന്നു. തുടർന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി. എല്ലാവരുംകൂടി ടോയിലറ്റ് പരിപൂർണ്ണമായി ശുചീകരിച്ചശേഷമാണ് യോഗം ആരംഭിച്ചത്.
സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്ത് അറിയാം?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.