ആലപ്പുഴ: ലക്ഷദ്വീപിൽ കേന്ദ്രസർക്കാറിെൻറ മുസ്ലിം വിദ്വേഷമാണ് ചുഴലിക്കാറ്റായി ആഞ്ഞുവീശുന്നതെന്ന് മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒരു ക്രമസമാധാനപ്രശ്നവും ഇല്ലാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട്, മദ്യപിക്കുന്ന മനുഷ്യരില്ലാത്ത നാട്ടിൽ യഥേഷ്ടം മദ്യമൊഴുക്കാൻ തീരുമാനം. കേൾക്കുമ്പോൾ തുഗ്ലക് പരിഷ്കാരമെന്ന് തോന്നും. പക്ഷേ, ആലോചിച്ചുറപ്പിച്ചു തന്നെയാണ് കേന്ദ്രം നീങ്ങുന്നത്. അദാനിയെപ്പോലുള്ള വമ്പൻ കുത്തകകളുടെ ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പരിപാടിയുണ്ടെന്ന് കേൾക്കുന്നു. രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ്. ഈ നയങ്ങൾ തിരുത്തുകതന്നെ വേണം. ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിയും അവരെ വേട്ടയാടുകയെന്ന ലക്ഷ്യത്തോടെയും കൊണ്ടുവന്ന ഭരണ പരിഷ്കാര നടപടികൾക്ക് അറബിക്കടലിലാണ് സ്ഥാനം. ആ നാട്ടിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമായി വേണം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിെൻറ നടപടികളെ കാണേണ്ടത്. വംശവിദ്വേഷത്തിെൻറ മറ്റൊരു പരീക്ഷണശാലയായി സംഘ്പരിവാർ ലക്ഷദ്വീപിനെ തെരഞ്ഞെടുത്തു. ക്രൂരത എന്ന വിശേഷണമൊന്നും ഇക്കൂട്ടരുടെ യഥാർഥ മാനസിക അവസ്ഥയെ ഒരുശതമാനം പോലും ഉൾക്കൊള്ളുന്നില്ലെന്ന് ഖേദപൂർവം പറയേണ്ടിവരും.
പ്രതികാരവെറിയോടെയാണ് അഡ്മിനിസ്ട്രേറ്ററുടെ അഴിഞ്ഞാട്ടം. ഈ ജനതയുടെ ജീവിതോപാധികളും തൊഴിലുപകരണങ്ങളും തല്ലിത്തകർത്തതിന് എന്ത് ന്യായീകരണമുണ്ട്?. കടപ്പുറത്ത് ഇതിനായി ഉണ്ടാക്കിയ ഷെഡുകളെല്ലാം തീരദേശ നിയമലംഘനമെന്ന് മുദ്രകുത്തിയാണ് നീക്കിയത്. സര്ക്കാര് ഓഫിസുകളിൽനിന്ന് തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടലാണ് പുതിയൊരു വിനോദം. അംഗൻവാടികൾ അടഞ്ഞുകഴിഞ്ഞു. ദ്വീപ് നിവാസികൾ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത ബേപ്പൂർ തുറമുഖത്തെയാണ്. പക്ഷേ, പുതിയ ഉത്തരവുപ്രകാരം ഇനിമേൽ ബോട്ടുകളും പായ്ക്കപ്പലുകളുമെല്ലാം മംഗലാപുരത്തേക്കാണത്രേ പോകേണ്ടത് - ഐസക് കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.