തൊടുപുഴ: ഇടുക്കി മലങ്കര എസ്റ്റേറ്റിലെ ജാതിഗേറ്റ് തകർത്ത ഭീം ആർമി പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഭീം ആർമി ദേശീയ നേതാവ് ചന്ദ്രശേഖർ ആസാദ്. അറസ്റ്റ് ചെയ്തവരെ മോചിപ്പിച്ചില്ലെങ്കിൽ നീതി ഉറപ്പാക്കാൻ ഞങ്ങൾ ഉടൻ കേരളത്തിലെത്തുമെന്ന് ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് മലയാളത്തിലായിരുന്നു ട്വീറ്റ്. ജാതിഗേറ്റ് തകർക്കുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
തൊടുപുഴ മുട്ടം പാമ്പാനി ദലിത് കോളനിയിലേക്കുള്ള വഴി തടഞ്ഞാണ് മലങ്കര എസ്റ്റേറ്റിൽ ഗേറ്റ് നിർമിച്ചിരുന്നത്. ഇത് കഴിഞ്ഞ ദിവസം ഭീം ആർമി പ്രവർത്തകർ തകർത്തിരുന്നു. സംഭവത്തിൽ ഭീം ആര്‍മി സംസ്ഥാന പ്രസിഡന്‍റ് റോബിന്‍ ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ കൊച്ചുകടവ്, സി.പി.എം തോണിക്കുഴി ബ്രാഞ്ച് സെക്രട്ടറി രാജു തങ്കപ്പന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
26 വർഷം മുമ്പാണ് ദലിത് കോളനിയിലേക്കുള്ള വഴി തടഞ്ഞ് മലങ്കര എസ്റ്റേറ്റ് മാനേജ്മെന്‍റ് ഗേറ്റ് നിർമിച്ചത്. ഗേറ്റ് മാറ്റണമെന്ന് കലക്ടർ ഉൾപ്പെടെ ഉത്തരവിട്ടിട്ടും നടപടിയുണ്ടായിരുന്നില്ല.
കോളനിക്കാർക്ക് മതിൽ ചാടിക്കടന്നോ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചോ വേണമായിരുന്നു പുറത്തേക്ക് പോകാൻ. വഴിയില്ലാത്തതിനാൽ കോളനിയിലെ നിരവധി കുടുംബങ്ങൾ ഇവിടംവിട്ട് പോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.