ക​ർ​ക്ക​ട​ക​വാ​വി​ന് നി​ളാ​തീ​ര​ത്തെ നാ​വാ​മു​കു​ന്ദ ക്ഷേ​ത്ര​ക്ക​ട​വി​ൽ ന​ട​ന്ന പി​തൃ​ത​ർ​പ്പ​ണം

ബലിപിണ്ഡങ്ങൾ നിള ഏറ്റുവാങ്ങി; ഉറ്റവർക്ക് സായൂജ്യം

തിരുനാവായ (മലപ്പുറം): നിളയിലെ ത്രിമൂർത്തി സംഗമമെന്നറിയപ്പെടുന്ന  ബലിപ്പടവുകളിൽ ഈറനുടുത്തിരുന്ന് പിതൃക്കളെ മനസ്സിലാവാഹിച്ച് 17 കർമികളുടെ സാന്നിധ്യത്തിൽ നാക്കിലയിൽ ഒരുക്കിയ ബലിപിണ്ഡം നിളയിൽ സമർപ്പിച്ച് മുങ്ങിയുയർന്നാണ് ഉറ്റവരും ഉടയവരും സായുജ്യമടഞ്ഞത്. നാവാമുകുന്ദ ക്ഷേത്രക്കടവിൽ പുലർച്ച രണ്ടിനാരംഭിച്ച ബലിതർപ്പണം ഉച്ചവരെ നീണ്ടു. ദേവസ്വം അംഗീകരിച്ച 17 കർമികളുടെ നേതൃത്വത്തിൽ ക്ഷേത്രക്കടവിൽ നടന്നതിനു പുറമെ ഒട്ടേറെപ്പേർ സ്വയം ബലിയിടാൻ ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തെ പള്ളിക്കടവിലുമെത്തിയിരുന്നു.

ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 25 മുതൽതന്നെ ബലിതർപ്പണ രസീതുകൾ വിവിധ കൗണ്ടറുകൾ വഴി വിതരണം ചെയ്തത് സൗകര്യമായി. പുഴയിൽ ജലവിതാനം കുറഞ്ഞെങ്കിലും ഒഴുക്ക് ശക്തമായതിനാൽ പൊലീസ്, അഗ്നിരക്ഷാസേന, മുങ്ങൽ വിദഗ്ധർ, വളന്റിയർമാർ തുടങ്ങിയവർ സജ്ജമായി നിന്നിരുന്നു. സുരക്ഷാതോണികൾ ഉൾപ്പെടെ കുറ്റമറ്റ സുരക്ഷാക്രമീകരണങ്ങളും ദേവസ്വം ഒരുക്കിയിരുന്നു. മെഡിക്കൽ സംഘവും റവന്യൂ ഉദ്യോഗസ്ഥരും ഹരിതകർമസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്തു.

സുരക്ഷാക്രമീകരണങ്ങൾക്കും ഗതാഗതനിയന്ത്രണത്തിനും മേൽനോട്ടം വഹിച്ച് തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള 200 അംഗ പൊലീസ് സംഘം ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും സജീവമായിരുന്നു. തൃത്താല മുതൽ ചമ്രവട്ടം വരെ ഭാരതപ്പുഴയുടെയും തിരുവേഗപ്പുറ മുതൽ കരിയന്നൂർ റെയിൽവേ പാലം വരെ തൂതപ്പുഴയുടെയും ഇരുകരകളിലുമായി ഒട്ടേറെ വിശ്വാസികൾ ബലികർമം നടത്തിയെങ്കിലും നാവാമുകുന്ദ ക്ഷേത്രക്കടവിലായിരുന്നു തിരക്കധികവും. ബലികർമങ്ങൾക്കുശേഷം ക്ഷേത്രദർശനവും വഴിപാടുകളും നടത്തി പതിവുപോലെ കോയമ്പത്തൂർ ഭക്തസംഘം ഒരുക്കിയ പ്രഭാതഭക്ഷണവും കഴിച്ചാണ് വിശ്വാസികൾ മടങ്ങിയത്.

ജില്ലയുടെ നാനാഭാഗങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി വെള്ളിയാഴ്ച അർധരാത്രിക്കുശേഷം സ്പെഷൽ സർവിസുകൾ നടത്തിയത് വാവിനെത്തിയവർക്ക് അനുഗ്രഹമായി. 

Tags:    
News Summary - Thousands of devotees were made to Tarpanam at Tirunavaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.