യുവതിയുടെ വൃക്ക വിൽക്കാൻ ശ്രമിച്ച ആൺസുഹൃത്തടക്കം മൂന്നു​പേർ അറസ്റ്റിൽ; വഴിതെളിച്ചത് പീഡന പരാതി

വർക്കല: കടയ്ക്കാവൂർ സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ വൃക്ക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ. ആൺസുഹൃത്ത് കടയ്ക്കാവൂർ സ്വദേശി അനീഷ് (34), മലപ്പുറം വാളാഞ്ചേരി കിഴക്കേക്കര സ്വദേശി നജുമുദ്ദീൻ, കൊട്ടാരം സ്വദേശി ശശി എന്നിവരാണ് അറസ്റ്റിലായത്. വർക്കല എ.എസ്.പി ദീപക് ധൻകറിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്​. അവയവക്കച്ചവട റാക്കറ്റിലെ ഏജന്റുമാരാണ് നജുമുദ്ദീനും ശശിയുമെന്ന് പൊലീസ് പറയുന്നു.

വൃക്ക തട്ടിയെടുക്കാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പരിശോധനക്ക്​ വിധേയമാക്കിയതായി പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു. സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടതായാണ് നിഗമനം. ആൺ സുഹൃത്തായ കടയ്ക്കാവൂർ സ്വദേശി അനീഷ് (34) പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് അവയവ റാക്കറ്റിലേക്ക് നീണ്ടത്. പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായ അനീഷ് റിമാൻഡിലാണ്. പീഡനക്കേസിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തവേ​ അനീഷ് തന്റെ വൃക്ക തട്ടിയെടുക്കാൻ ശ്രമിച്ചെന്ന്​ അറിയിച്ചു. തുടർന്ന് ദീപക് ധൻകർ നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെയാണ്​ അവയവക്കടത്ത് റാക്കറ്റുമായുള്ള ബന്ധം പൊലീസ്​ തിരിച്ചറിഞ്ഞത്​.

അറസ്റ്റിലായവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ അവയവ മാഫിയയെക്കുറിച്ച രേഖകൾ ലഭിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന്​ സൂചനയുണ്ട്. കൊല്ലം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിൽ യുവതിയുടെ ആൺ സുഹൃത്തായ അനീഷ് ഇയാളുടെ വൃക്ക ഇടനിലക്കാർ മുഖേന വിറ്റ്​ 10 ലക്ഷം രൂപയോളം കൈപ്പറ്റിയതായി വിവരം ലഭിച്ചു. പണം സമ്പാദിക്കാൻ ഇടനിലക്കാരനാവുക എന്ന ഉദ്ദേശ്യം അനീഷിന് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - Three arrested for kidney sale attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.