തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് അഞ്ച് വർഷത്തേക്കുള്ള നികുതി വിഹിതം നിശ്ചയിക്കാനുള്ള പതിനാറാം ധനകാര്യ കമീഷന്റെ മുന്നിൽ യോജിച്ച നിലപാടെടുക്കാൻ കേരളം മുൻകൈയെടുത്ത് അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരുടെ കോൺക്ലേവ് വരുന്നു.
കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ വിള്ളൽ വരികയും ധന വിഭവ വിതരണത്തിലെ കേന്ദ്രസർക്കാറിന്റെ ഏകപക്ഷീയ നിലപാടുകളെ ചോദ്യം ചെയ്ത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഫെഡറലിസം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കോൺക്ലേവ് ഈ മാസം 12ന് രാവിലെ പത്ത് മുതൽ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തെലങ്കാന ധനമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു എന്നിവർ കോൺക്ലേവിനെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും എത്തും.
"രാജ്യത്തെ മൊത്തം നികുതി വരുമാനത്തിൽ നിന്ന് ഓരോ സംസ്ഥാനങ്ങൾക്കും നൽകേണ്ട വിഹിതം തീരുമാനിക്കുന്നത് ധനകാര്യ കമീഷനാണ്. പത്താം ധനകാര്യ കമീഷൻ കാലത്ത് 3.8 ശതമാനമാണ് കേരളത്തിന് വിഹിതമായി ലഭിച്ചതെങ്കിൽ 15ാം ധനകാര്യ കമീഷന്റെ സമയത്ത് 1.92 ശതമാനമായി കുറച്ചിരുന്നു. പത്താംധനകാര്യ കമീഷന്റെ കണക്കുപ്രകാരം 48000 കോടി ലഭിക്കേണ്ടിടത്ത് 15ാം കമീഷൻ പ്രകാരം ലഭിച്ചത് 24000 കോടി രൂപ മാത്രം. മറ്റ് പലസംസ്ഥാനങ്ങൾക്കും നികുതി വിഹിതത്തിൽ കുറവുവരാതിരിക്കുമ്പോഴാണ് കേരളത്തിന് കുറഞ്ഞത്."
കെ.എൻ. ബാലഗോപാൽ -ധനമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.