തൃശൂർ: മദ്യലഹരിയിൽ തൃശൂർ പൂരം വെടിക്കെട്ട് പുരക്ക് സമീപം പടക്കം പൊട്ടിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. കോട്ടയം താഴത്തങ്ങാടി പുളിത്താഴെ അജി (42), കോട്ടയം കാഞ്ഞിരപ്പള്ളി കരോട്ടുപറമ്പിൽ ഷിജാസ് (25), തൃശൂർ എൽത്തുരുത്ത് തോട്ടുങ്ങൽ നവീൻ (33) എന്നിവരാണ് അറസ്റ്റിലായത്.
നവീൻ പടക്ക വ്യാപാരിയാണ്. വിഷുവിന് ബാക്കിവന്ന പടക്കം കാറിൽ കൊണ്ടുവന്ന് തൃശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരക്ക് സമീപം വെച്ചാണ് മൂവർ സംഘം 'വെടിക്കെട്ട്' തുടങ്ങിയത്. ആളുകൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മഫ്തിയിൽ അതുവഴി വന്ന തൃശൂർ എ.സി.പി വി.കെ. രാജു യുവാക്കളെ തടഞ്ഞശേഷം പട്രോളിങ് സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു.
പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച പൊലീസിനെ കായിക ബലത്തിൽ എതിർത്ത പ്രതികളെ ഏറെ പ്രയാസപ്പെട്ടാണ് കീഴ്പ്പെടുത്തിയത്. വെടിക്കെട്ട് പുരക്ക് പൊലീസ് കാവലുണ്ടായിരുന്നു. കോട്ടയത്തുനിന്ന് തൃശൂർ പൂരം വെടിക്കെട്ട് കാണാൻ എത്തിയതാണ് പ്രതികളിൽ രണ്ടുപേർ. മഴയെത്തുടർന്ന് വെടിക്കെട്ട് നടത്താതിരുന്ന നിരാശയിലാണ് പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.