തിരുവനന്തപുരം: മദ്യപിച്ച് അപമര്യാദയായി പെരുമാറിയതിന് മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാരെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായ പി.വി. അഭിലാഷ്, പി.സി. സലീംകുമാര്‍, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കറായ പി. സുരേഷ് കുമാര്‍ എന്നിവർക്കെതിരെയാണ് പെരുമാറ്റ ദൂഷ്യത്തിന് നടപടിയെടുത്തത്.
അഭിലാഷും സലീംകുമാറും ബാറില്‍ നിന്ന് മദ്യപിച്ച് പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍ ബാര്‍ ജീവനക്കാര്‍ ചോദ്യം ചെയ്യുകയും പ്രതികാരമായി തലയാഴം 11 കെ വി ഫീഡര്‍ ഓഫ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശത്താകെ വൈദ്യുതി മുടങ്ങിയത് മാധ്യമങ്ങളിൽ വാര്‍ത്തയായി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ഇ.ബി സി.എം.ഡി അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്്‍ ഇരുവരേയും അടിയന്തിരമായി സർവിസില്‍ നിന്ന് സസ്പെൻഡ് ചെയ്യുവാന്‍ മാനേജിങ് ഡയറക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍ മദ്യപിച്ച് ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിൽ സുരേഷ് കുമാറിനെതിരെ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിൽ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 2-ല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇയാളെ സര്‍വിസില്‍ നിന്നും സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.