തിരുവനന്തപുരം: സർക്കാരിന്‍റെ മൂന്നാം നൂറുദിന കർമ്മ പരിപാടിയുമായും രണ്ടാം വാർഷികാഘോഷങ്ങളുമായും ബന്ധപ്പെട്ടു എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല മൂന്നു പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ധാരണാപത്രങ്ങളിൽ ഒപ്പിടുന്നു. അടിസ്ഥാന വികസന സംരംഭങ്ങൾക്ക് അനുചിതമായ സാങ്കേതിക സഹായം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്തു കൊണ്ട് 2022-23 നടപ്പുവർഷത്തിൽ 300 ലക്ഷം രൂപ ചിലവിൽ നടപ്പിലാക്കുന്ന 1000 വിദ്യാർഥി പ്രൊജക്ടുകൾ, പ്രാദേശിക പ്രസക്തിയുള്ളതും രാജ്യാന്തര പ്രാധാന്യമുള്ളതുമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രദേശിക വികസനവും വ്യാവസായ വളർച്ചയും ഉറപ്പാക്കുന്ന ഗവേഷണ പ്രവർത്തനങ്ങളെ കാര്യക്ഷമമായി പ്രാവർത്തികമാക്കാൻ ഉതകുന്ന സാങ്കേതിക സൗകര്യങ്ങളുള്ള കണ്ണൂർ, കൊച്ചി, കോട്ടയം എന്നീ സ്ഥലങ്ങളിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള എൻജിനിയറിങ് കോളജുകളിൽ സ്ഥാപിക്കുന്ന മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ, ഉത്പാദന സാങ്കേതികവിദ്യകളിൽ പരിശീലനം നൽകാൻ കഴിയുന്ന ആധുനിക സംവിധാനങ്ങൾ എൻജിനീയറിങ് കോളജുകളിൽ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന -ഫാബ് ലാബ് ശൃംഖല ഈ മൂന്ന് പദ്ധതികൾ.
മികവിന്‍റെ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനായി പ്രസ്തുത കോളജുകളും സർവകലാശാലയും തമ്മിലുള്ള ധാരണാപത്രമാണ് കൈമാറുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് 1000 പ്രൊജക്ടുകളിൽ പങ്കാളികളാകുവാൻ വിദ്യാർഥികൾക്ക് സർവകലാശാല സഹായം നൽകുന്ന പദ്ധതിയിൽ വിളപ്പിൽ പഞ്ചായത്തിലെ കോളജ് ഓഫ് ആർക്കിടെക്ചറുമായി ചേർന്ന് ധാരണാപത്രം കൈമാറും. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കു ഉയർന്ന തലത്തിലുള്ള പരിശീലനം നൽകാൻ കഴിയുന്ന ഫാബ് ലാബുകളൾ മികച്ചതാക്കാൻ കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി സർവകലാശാല കൈകോർക്കും.
മെയ് 4ന് സർവകലാശാല ആസ്ഥാനത്ത് വച്ച് നടക്കുന്ന പരിപാടിയിൽ ഈ പദ്ധതികളുടെ ഉത്‌ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷത വഹിക്കും. മഹാത്മ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂർ പ്രഫ. പ്രഹ്ളാദ് വടക്കേപ്പാട്ട്, ഗ്രോണിങ്ങൻ സർവകലാശാല പ്രഫ. അരവിന്ദ് പി. വി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ബൈജുബായി ടി.പി, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ. അനൂപ് പി. അംബിക, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.കെ. ബിജു, അഡ്വ. ഐ.ബി. സതീഷ്, അഡ്വ. കെ.എം സച്ചിൻദേവ്, അഡ്വ. ഐ. സാജു, പ്രഫ. പി.ഒ.ജെ ലബ്ബ, പ്രഫ. സഞ്ജീവ് ജി, ഡോ. ബി.എസ്. ജമുന, ഡോ. വിനോദ് കുമാർ ജേക്കബ്, ഡോ. ജി. വേണുഗോപാൽ, എസ്. വിനോദ് മോഹൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.