തുറവൂർ: വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. അന്ധകാരനഴിയിലും ചെല്ലാനത്തുമാണ് അപകടങ്ങൾ ഉണ്ടായത്. അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ അപകടത്തിൽ എഴുപുന്ന പഞ്ചായത്ത് 11ാം വാർഡ് എരമല്ലൂർ പാണാപറമ്പ് പരേതനായ ശിവശങ്കരന്‍റെ മകൻ ആനന്ദ് (21), ചങ്ങനാശ്ശേരി മാമൂട് പാലമറ്റം അമ്പാടി വീട്ടിൽ വിനയചന്ദ്രന്‍റെ മകൻ അമ്പാടി (26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. തുറവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇവരുൾപ്പെടെയുള്ള നാലംഗസംഘത്തിൽ മൂന്ന് പേർ കടലിൽ കുളിക്കുകയും ഒരാൾ കരയിൽ ഇരിക്കുകയുമായിരുന്നു. മൂന്ന് പേർ തിരയിൽപെടുകയുമായിരുന്നു. മൂന്ന് പേരെയും നാട്ടുകാരും പൊലീസും ചേർന്ന് കരക്കെത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചെല്ലാനം ഹാർബറിലുണ്ടായ അപകടത്തിലാണ് മറ്റൊരു യുവാവ് മരിച്ചത്. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡ് മുണ്ടുപറമ്പിൽ സുരേഷ് കുമാറിന്‍റെ മകൻ ആശിഷാണ് (18) മരിച്ചത്. ഇവിടെ മൂന്നംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. മൂന്നുപേരും അപകടത്തിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് മൂവരെയും കരയിൽ എത്തിച്ചെങ്കിലും ആശിഷ് മരിച്ചു. മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങളിൽ മരിച്ച മൂന്നുപേരുടെയും മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
കുറച്ചുദിവസങ്ങളായി ഹാർബർ പൊലീസ് ആലപ്പുഴ മുതൽ ഫോർട്ട്കൊച്ചിവരെ കടൽ പ്രക്ഷുബ്ധം ആണെന്നും സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് യുവാക്കൾ കടലിൽ ഇറങ്ങിയത്. ഇരു സംഭവത്തിലും പൊലീസ് കേസെടുത്തു. മരിച്ച ആനന്ദിന്‍റെ മാതാവ് ശോഭ. ഏക സഹോദരി അശ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.