കൊച്ചി: തൃക്കാക്കര നഗരസഭ കൗൺസിലർ അജിത തങ്കപ്പന്‍റെ അയോഗ്യത നീക്കി. അയോഗ്യത മാറ്റണമെന്ന അജിതയുടെ അപേക്ഷ കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അപേക്ഷ കൗൺസിലിൽ വെച്ചതെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം.
തുടര്‍ച്ചയായി കൗണ്‍സില്‍ യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് തൃക്കാക്കര നഗരസഭ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയത്. അയോഗ്യയാക്കിയ നോട്ടീസ് നഗരസഭ സെക്രട്ടറി ടി.കെ. സന്തോഷ് അജിതയുടെ വീട്ടിലെത്തി കൈമാറുകയായിരുന്നു. അവധി അപേക്ഷയോ മറ്റു കാര്യങ്ങളോ ബോധ്യപ്പെടുത്താതെ മൂന്നുമാസം തുടർച്ചയായി സ്ഥിരം സമിതിയോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് നടപടിക്ക് കാരണം.
കോൺഗ്രസ് കൗൺസിലറായ അജിത തങ്കപ്പൻ ഒമ്പത് മാസം തുടര്‍ച്ചയായി വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അവധി അപേക്ഷ നല്‍കാതെ യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അയോഗ്യത കല്പിക്കാമെന്ന നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് അജിത ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്. എല്‍.ഡി.എഫും സ്വതന്ത്ര കൗണ്‍സിലര്‍മാരും ചേര്‍ന്ന് യു.ഡി.എഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിന് പിന്നാലെയായിരുന്നു അജിതയുടെ രാജി. സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂപ്പിന് നല്‍കണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പന്‍ സ്ഥാനമേറ്റെടുത്തത്. എന്നാല്‍ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.