കൊച്ചി: സംസ്ഥാന സർക്കാറിന് ഷോക്ക് ട്രീറ്റ്മെന്റാകുമെന്ന് പ്രതിപക്ഷവും നിയമസഭയിൽ നൂറു തികക്കുമെന്ന് ഭരണപക്ഷവും അവകാശവാദം ഉയർത്തുന്ന തൃക്കാക്കരയിലെ ജനവിധി ഇന്നറിയാം. എറണാകുളം മഹാരാജാസ് കോളജിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അരമണിക്കൂറിനുള്ളിൽതന്നെ ചിത്രം വ്യക്തമാകും.
രാവിലെ 7.30ന് മഹാരാജാസ് കോളജിലെ സ്ട്രോംഗ് റൂം തുറന്ന് വോട്ട് യന്ത്രങ്ങൾ പുറത്തെടുക്കും. വോട്ടെണ്ണുന്നതിനായി 21 മേശകളാണ് ഉണ്ടാകുക. ഓരോന്നിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ് കൂടാതെ മൈക്രോ ഒബ്സർവർ എന്നിവർ ഉണ്ടാകും. കൂടാതെ സ്ഥാനാർഥികളുടെ ഓരോ കൗണ്ടിങ് ഏജന്റും ഉണ്ടാകും.
മുഴുവന്‍ വോട്ടും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകൾ എണ്ണും. ആദ്യ റൗണ്ടിൽ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ഒന്നു മുതൽ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടർന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകൾ എന്നിങ്ങനെ എണ്ണും. ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്ത് വീതവും അവസാന റൗണ്ടിൽ എട്ടു ബൂത്തുമാകും എണ്ണുക. ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാൽ വിജയിക്കുന്ന സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നാണ് ഇരു മുന്നണിയുടെയും വിലയിരുത്തൽ.
പി.ടി. തോമസിന്റെ ഭൂരിപക്ഷത്തിന് ഒപ്പം എത്തില്ലെങ്കിലും ഉമ തോമസ് ജയിച്ചുകയറുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന അവകാശവാദം എൽ.ഡി.എഫും ഉയർത്തുന്നു.
2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 15,483 വോട്ടുകളിൽനിന്ന് ഗണ്യമായ വർധന ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ നേടുമെന്ന് എൻ.ഡി.എ കേന്ദ്രങ്ങളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.