കാക്കനാട്: തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സ്വതന്ത്രനെ പിന്തുണക്കാനൊരുങ്ങി സി.പി.എം നേതൃത്വം. യു.ഡി.എഫ് വിമത സ്ഥാനാർഥിയായി ജയിച്ച പി.സി. മനൂപിനെ മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. അതിനിടെ, വൈസ് ചെയർമാൻ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് സി.പി.ഐ രംഗത്തെത്തി.
കഴിഞ്ഞദിവസം സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി ഉദയഭാനു മനൂപിനെ നേരിട്ട് വിളിച്ചാണ് വിവരം അറിയിച്ചിരുന്നു. നഗരസഭ ഭരണത്തിനായി ശ്രമിക്കില്ലെന്ന് നേരത്തേ സി.പി.എം വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവരെ പരിഗണിക്കാതെ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച കൗൺസിലർ അജുന ഹാഷിമിനെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്.
2010ൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച മനൂപ് സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ചത്. തുടർന്ന് ആദ്യഘട്ടത്തിൽ യു.ഡി.എഫിനെ പിന്തുണച്ചെങ്കിലും പിന്നീട് എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി ഉൾപ്പെടെ ഒരുകൂട്ടം ലീഗ് കൗൺസിലർമാർ തന്നെ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ അനുകൂല തരംഗം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് മുസ്ലിംലീഗിലെ പി.എം. യൂനുസാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇതേ മാതൃക തുടരണമെന്നും മുന്നണിയിലെ രണ്ടാം കക്ഷിയായ തങ്ങൾക്ക് വൈസ് ചെയർമാൻ സ്ഥാനം നൽകണമെന്നുമാണ് സി.പി.ഐ ആവശ്യം. ചെയർപേഴ്സൻ സ്ഥാനാർഥിയെ തീരുമാനിച്ചത് സി.പി.എം ആയിരുന്നു.
അതുകൊണ്ട് വൈസ് ചെയർമാൻ സ്ഥാനാർഥിയെ തീരുമാനിക്കാൻ അവസരം നൽകണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇക്കാര്യം സി.പി.എമ്മിനെയും അറിയിച്ചിട്ടുണ്ട്.സി.പി.ഐ അംഗങ്ങൾ തന്നെയാണ് മത്സരിക്കുന്നതെങ്കിൽ കെ.എക്സ് സൈമൺ, എം.ജെ ഡിക്സൺ എന്നിവരിൽ ഒരാളായിരിക്കും സ്ഥാനാർഥിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.