തൃശൂർ പൂരം: നിയന്ത്രണങ്ങൾ സംബന്ധിച്ച് നാളെ അന്തിമ തീരുമാനം; അട്ടിമറി ശ്രമമെന്ന് ആരോപണം

തൃശൂർ: പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി ജോയി നാളെ വീണ്ടും യോഗം വിളിച്ചു. പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെയുണ്ടാകും. നാളത്തെ യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആവശ്യങ്ങളിൽ തീരുമാനം അറിയിക്കാമെന്നും ജില്ല കലക്ടർ അറിയിച്ചു. ആന പാപ്പാന്മാരുടെ ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കണമെന്നും കോവിഡ് ആദ്യ ഡോസ് വാക്സിൻ എടുത്തവർക്ക് അനുമതി നൽകണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.

അതേസമയം, നിയന്ത്രണം കടുപ്പിച്ചാൽ പൂരം നടത്താൻ സാധിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം അറി‍യിച്ചു. ആദ്യ തവണ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ആൾ നിശ്ചിത ദിവസം കഴിയാതെ രണ്ടാമത്തെ ഡോസ് എടുക്കുന്നത് പ്രായോഗികമല്ല. പാപ്പാൻ അടക്കമുള്ള ആനക്കാരെ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണമെന്നതും സാധ്യമായ കാര്യമല്ലെന്നും ദേവസ്വം ഭാരവാഹി അറിയിച്ചു.

തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്. ചിലർ തയാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു.

ഡി.എം.ഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കോവിഡ് നിബന്ധനകൾ കൊണ്ടു വരരുത്. ഡി.എം.ഒക്ക് പകരം ഉന്നതതല മെഡിക്കൽ സംഘത്തെ ചുമതല ഏൽപ്പിക്കണം. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഈ ആവശ്യം അറിയിക്കുമെന്നും ദേവസ്വം സെക്രട്ടറി വ്യക്തമാക്കി.

Tags:    
News Summary - Thrissur Pooram: Final decision on restrictions tomorrow meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.