ഈ അന്വേഷണം സി.പി.ഐയെ തൃപ്തിപ്പെടുത്താൻ, അജിത് കുമാറിനെ രക്ഷിക്കാൻ -കെ. മുരളീധരൻ; ‘പിണറായിയുടെ ഏത് വകുപ്പന്വേഷിച്ചാലും സത്യം പുറത്ത് വരില്ല’

തൃശൂർ: പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കകോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ‘ജുഡീഷ്യൽ അന്വേഷണം മാത്രമേ ഞങ്ങൾ അംഗീകരിക്കൂ​. പിണറായിയുടെ വകുപ്പിന് കീഴിലുള്ള ഒരന്വേഷണ ഏജൻസി അന്വേഷിച്ചാലും സത്യം പുറത്ത് വരില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം എന്നത് സി.പി.ഐയെ തൃപ്തിപ്പെടുത്താനും എം.ആർ. അജിത് കുമാറിനെ രക്ഷിക്കാനുമുള്ള ശ്രമമാണ്. അത് അംഗീകരിക്കാനാവില്ല’ -കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

പൂരം കലക്കലിൽ തുടരന്വേഷണത്തിന് സംസ്ഥാന സർക്കാർ നിർദേശം നൽകിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ എ.ഡി.ജി.പി എം.ആർ അജിത് കുമാർ നടത്തിയ അന്വേഷണ റിപ്പോർട്ട് തള്ളിയാണ് സംസ്ഥാന സർക്കാർ തുടരന്വേഷണത്തിന് നിർദേശം നൽകിയത്. വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിൽ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാവുമെന്ന സൂചന മുഖ്യമന്ത്രി നൽകിയിരുന്നു. പൂരം നടത്തിപ്പിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന് പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടത്. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിനെ അറിയിച്ചത്.

എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ സി.പി.ഐ അടക്കമുള്ള മുന്നണിയിലെ ഘടകകക്ഷികൾ സമ്മർദം ശക്തമാക്കിയിരിക്കെയാണ് പൂരം അടക്കമുള്ള വിഷയങ്ങൾ തുടരന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നത്. നേരത്തെ എ.ഡി.ജി.പി -ആർ.എസ്.എസ് ബന്ധത്തിൽ ​അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - thrissur pooram: K muraleedharan against pinarayi vijayan mr ajith kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.