തൃശൂർ പൂരം കലക്കൽ: സി.പി.ഐ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ. രാജൻ

ഇടുക്കി: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുമ്പാകെയോ എൽ.ഡി.എഫിലോ സി.പി.ഐ പറഞ്ഞ കാര്യങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. നിലപാട് പിൻവലിക്കാത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ മാറ്റം വന്നിട്ടില്ലെന്ന് മനസിലാക്കാം. നിലവിലെ അഭിപ്രായവുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാർ പോലും സ്വകാര്യ വാഹനത്തിലും കാൽനടയായുമാണ് പൂരം നടന്ന സ്ഥലത്തേക്ക് പോയത്. ആ സമയത്ത് ആംബുലൻസിൽ ആർക്കെല്ലാം സഞ്ചരിക്കാമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന്‍റെ നിയമാവലിയുണ്ട്. മാനദണ്ഡം കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്. പരാതി അന്വേഷിക്കട്ടെ എന്നും മന്ത്രി രാജൻ വ്യക്തമാക്കി.

പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെ. റിപ്പോർട്ടിൽ സി.പി.ഐ ഉന്നയിച്ച കാര്യങ്ങളിൽ അവസാനം കാണുംവരെ മുന്നോട്ടു പോകുമെന്നും മന്ത്രി രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാവുമെന്ന സൂചന കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി നൽകിയിരുന്നു. പൂരം നടത്തിപ്പിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന് പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനക്ക് വിട്ടത്. ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിനെ അറിയിച്ചത്.

തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് മേധാവി നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പൂരം കലക്കാന്‍ രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ആസൂത്രിത നീക്കം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുമ്പോഴും സംഭവ സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി ഇടപെടാതിരുന്നതിൽ ഡി.ജി.പി സംശയം ഉന്നയിക്കുന്നു.

ഈ സാഹചര്യത്തിൽ വിശദ അന്വേഷണത്തിന് ശിപാർശ ചെയ്യുന്ന കുറിപ്പോടെയാണ് ഡി.ജി.പി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൂരത്തിന് തൊട്ടുമുമ്പ് അജിത്കുമാർ നേരിട്ട് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. സംഭവദിവസം സ്ഥലത്തുണ്ടായിട്ടും ക്രമസമാധാന പാലനത്തിലെ പ്രാവീണ്യവും മുൻ അനുഭവങ്ങളും ഉപയോഗപ്പെടുത്തിയില്ല. ഒരാഴ്ച കൊണ്ട് തീര്‍ക്കേണ്ട അന്വേഷണം അഞ്ചു മാസത്തോളം നീണ്ടതിലും ഡി.ജി.പി അതൃപ്തി രേഖപ്പെടുത്തി.

വിവാദത്തിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് നേരിട്ട് പങ്കുള്ളതായി പറയുന്നില്ല. എന്നാൽ, രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ആസൂത്രിത നീക്കം നടത്തിയതായും തിരുവമ്പാടി ദേവസ്വത്തിന്‍റെ പങ്കിനെക്കുറിച്ചും റിപ്പോ‍ർട്ട് സംശയമുന്നയിക്കുന്നു. ബാരിക്കേഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കം അനുനയിപ്പിക്കാൻ ഡി.ഐ.ജി ഉൾപ്പെടെ ശ്രമിച്ചെങ്കിലും ദേവസ്വം ഇത് അവഗണിച്ച് പൂരം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആരെയെങ്കിലും സഹായിക്കാനായിരുന്നോ ഇതെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ടിൽ ആരുടെയും പേരെടുത്ത് പറയുന്നില്ല.

സംഭവസ്ഥലത്തേക്ക് സുരേഷ് ഗോപിയെ വിളിച്ചത് ദേവസ്വം ഭാരവാഹികളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. മൊഴികളും തെളിവുകളും അനുസരിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും ഗൂഢാലോചനയിലേക്ക് റിപ്പോർട്ട് കടക്കാത്തതാണ് സംശയം ജനിപ്പിക്കുന്നത്.

Tags:    
News Summary - Thrissur Pooram Kalakal: There is no change in CPI stand, Minister K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.