തിരുവനന്തപുരം: വിമാന യാത്രക്കാരുടെ വർഷാന്ത്യ തിരക്കു പരിഗണിച്ച് യാത്ര സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങളുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. വിദേശ യാത്രക്കാരോട് വിമാനസമയത്തിന് 3 മണിക്കൂർ മുൻപും ആഭ്യന്തര യാത്രക്കാരോട് 2 മണിക്കൂർ മുൻപും വിമാനത്താവളത്തിലെത്തണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം കോവിഡിനു മുൻപുള്ള നിലയിലേക്ക് എത്തി. പ്രതിദിന യാത്രക്കാരുടെ എണ്ണം 2021 ഡിസംബറിനെക്കാൾ 30 % വർധിച്ച് ശരാശരി 10,500 ആയി ഉയർന്നു.
പ്രതിദിന മൂവ്മെന്റുകളുടെ എണ്ണം 22 % വർധിച്ച് 70 നുമുകളിലെത്തി. ആഴ്ചയിൽ വിദേശ മൂവ്മെന്റുകളുടെ എണ്ണം 218 ആയും ആഭ്യന്തര മൂവ്മെന്റുകളുടെ എണ്ണം 264 ആയും ഉയർന്നു.
തിരക്കു നിയന്ത്രിക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനുമായി ടെർമിനലിനകത്തും പുറത്തും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ കസ്റ്റമർ എക്സിക്യുട്ടീവുകളെ നിയോഗിച്ചു. സെൽഫ് ചെക് ഇൻ മെഷീനുകളിലും ഇവരുടെ സേവനം ലഭിക്കും.
പ്രതിദിനം 39 വിമാനങ്ങൾക്കു വരെ എയ്റോ ബ്രിജുകൾ ഉപയോഗപ്പെടുത്തുണ്ട്. യാത്രക്കാർക്ക് ഷോപ്പിങ്, ഭക്ഷണ സൗകര്യങ്ങളും വർധിപ്പിച്ചു. ഒരു വർഷത്തിനിടെ 50 ലേറെ ഷോപ്പുകൾ പുതുതായി തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.