വയനാട് ചീരാലിൽ പശുവിന് നേരെ കടുവയുടെ ആക്രമണം. ഐലക്കാട് രാജന്റെ പശുവിനെയാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ നാട്ടുകാർ ഗൂഡല്ലൂർ-ബത്തേരി റോഡ് ഉപരോധിച്ചു. തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിലും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കൃഷ്ണഗിരിയിലും തിങ്കളാഴ്ച കടുവയുടെ ആക്രമണമുണ്ടായി. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്‍റെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്. ചീരാൽ മേഖലയിൽ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 വളർത്തു മൃഗങ്ങളാണ്. എന്നാൽ, കടുവയെ പിടികൂടാനുള്ള നടപടികൾ വിജയം കണ്ടിട്ടില്ല.
വൈൽഡ് ലൈഫ് വാർഡൻ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ചിരുന്നു. ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആർ.ആർ.ടി ടീമും കടുവയുടെ നീക്കം മനസ്സിലാക്കാൻ പരിശീലനം നേടിയ പ്രത്യേക സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കടുവയെ പിടികൂടാൻ മൂന്ന് കൂടുകളും 18 നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു. കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കടുവ കൂടിന് സമീപം വരെ എത്തുന്നുണ്ട്.
വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടി സ്വീകരിച്ചതായി വയനാട് ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.