പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷീല ഷാജി

പട്ടാപ്പകൽ പുലിയുടെ ആക്രമണം; തൊഴിലാളി സ്ത്രീക്ക്​ പരിക്ക്​

മൂന്നാർ: തൊഴിലുറപ്പ്​ ജോലിക്കിടെ പട്ടാപ്പകൽ പുലിയുടെ ആക്രമണത്തിൽ സ്ത്രീക്ക്​ പരിക്ക്​. പഴയ മൂന്നാറിൽ തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന ഷീല ഷാജിക്ക് (44)​ നേരെയാണ്​ ആക്രമണമുണ്ടായത്​. തലയിൽ പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട്​ മൂന്നോടെയാണ്​ സംഭവം.

പഴയ മൂന്നാറിൽ ചെക്ക് ഡാം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഷീലയടക്കം നാല്​ സ്ത്രീ തൊഴിലാളികളാണ് പുലിയുടെ മുന്നിൽപെട്ടത്. ചെക്ക് ഡാം നിർമിക്കാനുള്ള കല്ല് ശേഖരിക്കാൻ പഴയ മൂന്നാറിലെ ടാങ്കിന് സമീപം പോയ സമയത്താണ്​ ആക്രമണം. പുലിയെ കണ്ട് തൊഴിലാളികൾ ഭയന്നോടി. പിന്നിലായിപ്പോയ ഷീലയുടെ മുടിക്കുത്ത് ചേർത്ത് തലയിൽ പിടിത്തമിട്ടെങ്കിലും അലറി വിളിച്ചതോടെ പുലി പിന്തിരിഞ്ഞ് ഓടി. ബോധരഹിതയായി വീണ ഷീലയെ സഹതൊഴിലാളികൾ ഉടൻ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലർച്ച പുലി ചാടിവീണതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രാക്ടർ താഴ്ചയിലേക്ക്​ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. ലക്ഷ്മി എസ്റ്റേറ്റിൽ നാഗർമുടി ഡിവിഷനിലെ ട്രാക്ടർ ഡ്രൈവർ വി. രവികുമാറിനാണ്​ പരിക്കേറ്റത്​. മൂന്നാർ മേഖലയിൽ നൂറോളം വളർത്തുമൃഗങ്ങളും ഇതുവരെ പുലിക്ക്​ ഇരയായിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയെ പുലി ആക്രമിച്ചതോടെ വ്യാഴാഴ്ച വൈകീട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ വനം വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തുകയും വനം വകുപ്പിന്‍റെ വാഹനം തടയുകയും ചെയ്തു. 

Tags:    
News Summary - Tiger attack; The worker was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.