മാനന്തവാടി: ആളക്കൊല്ലി കാട്ടാനക്കു പിന്നാലെ മാനന്തവാടി ചാലിഗദ്ദയിൽ കടുവയും. പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം ബുധനാഴ്ച രാവിലെയാണ് പ്രദേശവാസികൾ കടുവയെ കണ്ടത്.
കാട്ടാനയുടെ ആക്രമണത്തിൽ പനച്ചിയിൽ അജീഷ് കൊല്ലപ്പെട്ട പ്രദേശത്തിനടുത്താണ് കടുവയെ കണ്ടത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പള്ളിയില്‍ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി പറയുന്നത്. രാവിലെ 6.45നാണ് സംഭവം. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
കാട്ടാനക്കു പിന്നാലെ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചത് പ്രദേശവാസികളെ ഭീതിയിലാക്കി. ഒരാഴ്ചക്കിടെ തൃശിലേരിയുടെ വിവിധ ഭാഗങ്ങളിലും പിലാക്കാവ് മണിയന്‍കുന്ന് പരിസരങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ഒണ്ടയങ്ങാടി എടമുണ്ടക്കുന്നില്‍ വാഴത്തോട്ടത്തില്‍ കടുവയുടെ വ്യക്തമായ കാല്‍പ്പാടുകള്‍ പതിഞ്ഞിരുന്നു.
അതേസമയം, കർഷകനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ബുധനാഴ്ചയും തുടരും. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം വനാതിർത്തിയിലേക്ക് തിരിച്ചു. ഇവർ നൽകുന്ന റേഡിയോ കോളർ വിവരങ്ങൾ വിലയിരുത്തി മയക്കുവെടി വെക്കാനുള്ള ആർ.ആർ.ടി വെറ്റിനറി സംഘാംഗങ്ങൾ കാടുകയറും. ആന മണ്ണുണ്ടി വനമേഖലയിൽ നിന്ന് ബാവലി ഭാഗത്തേക്ക് നീങ്ങിയതായാണ് വിവരം.
ബേലൂർ മഗ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉള്ളതായി ഇന്നലെ വനം വകുപ്പിന് ലഭിച്ച ഡ്രോൺ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇന്നലെ രണ്ടു തവണ മയക്കുവെടി വെക്കാൻ സംഘം ശ്രമിച്ചിരുന്നെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല. ആനയെ പിടികൂടുന്നത് നീണ്ടുപോകുന്നത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.