കൽപറ്റ: വയനാട്ടിൽ കടുവാ ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൂതാടി പഞ്ചായത്തിലെ രണ്ട്, 16, 19 വാർഡുകളിൽ രണ്ടു ദിവസത്തേക്കാണ് നിരോധനാജ്ഞ.
പൂതാടി പഞ്ചായത്തിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവയെ പിടികൂടുന്നതിന്‍റെ ഭാഗമായാണ് മൂന്നു വാർഡുകളിൽ അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ജൂൺ 24 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ. നിയന്ത്രണ പരിധിയിൽ ആളുകളുടെ സംഘം ചേരൽ കർശനമായി നിരോധിച്ചു.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഈ പ്രദേശങ്ങളിൽ ജനങ്ങൾ രാത്രി അതീവ ജാഗ്രത പാലിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വന്യജീവി ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ആയി അജിത് കെ രാമനെ നിയമിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മുൻ ഡി.എഫ്.ഒ ആയിരുന്ന ഷജ്‌ന കരീമിന്റെ സ്ഥലം മാറ്റത്തെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം.
ഞായറാഴ്ച ആയിട്ടും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം റിപ്പോർട്ട് ചെയ്തു. തോൽപ്പെട്ടി 17 എന്ന കടുവ ഒറ്റ രാത്രി മൂന്ന് പശുക്കളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റർ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.