കല്‍പറ്റ: വയനാട് വാകേരിയിൽ വീണ്ടും കടുവയെത്തിയതായി റിപ്പോർട്ടുകൾ. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. വാകേരി സിസിയിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിലാണ് കടുവ എത്തിയത്. വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്‍റെ ജഡമാണ് രാവിലെയോടെ കണ്ടെത്തിയത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. വനംവകുപ്പ് പരിശോധന തുടങ്ങി.
വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടുവ കടിച്ചുകൊന്നതിനെ തുടർന്ന് മേഖലയാകെ ഭീതിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. വാകേരിക്കടുത്ത് കല്ലൂര്‍കുന്നിൽ ബുധനാഴ്ചയും കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. കല്ലൂര്‍കുന്ന് സെന്റ് ആന്റണീസ് പള്ളിക്ക് സമീപമാണ് റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതെന്ന് തോട്ടത്തിലെ തൊഴിലാളികള്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുമുന്‍പ് സുൽത്താൻ ബത്തേരിയിലും കടുവ ആക്രമണമുണ്ടായിരുന്നു. വടക്കനാട് പച്ചാടി കോളനിയിലെത്തിയ കടുവ പശുവിനെ ആക്രമിച്ചുകൊന്നു.
വാകേരിയിൽ ഭീതിവിതച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവയെ ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.