കുമളി: കാടിറങ്ങി നാട്ടിലെത്തിയ കടുവകൾ നാട്ടുകാരെ ഞെട്ടിച്ചു. വണ്ടിപ്പെരിയാർ, വള്ളക്കടവ്, പ്ലാമൂട് ഭാഗത്താണ് വെള്ളിയാഴ്ച രാത്രി കടുവക്കൂട്ടം നാട്ടിലിറങ്ങിയത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ നിന്നാണ് വെള്ളിയാഴ്ച രാത്രി 7.30ഓടെ മൂന്ന് കടുവകൾ ജനവാസമേഖലക്ക് സമീപം എത്തിയത്.
മുല്ലപ്പെരിയാർ ജലം ഇടുക്കിയിലേക്ക് ഒഴുകുന്ന നദിയിലെ വെള്ളം വറ്റിയ പാറക്കെട്ടിലാണ് രണ്ട് കടുവകളെ ആദ്യം കണ്ടത്. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി സൗമർ ഷാജിയാണ് കടുവയുടെ ശബ്ദം കേട്ട് നദിയിലേക്ക് ബൈക്കിന്റെ പ്രകാശം തിരിച്ചത്. ബൈക്കിലെ പ്രകാശത്തിൽ രണ്ട് കടുവകളെ കണ്ടതോടെ വിവരം മറ്റുള്ളവരെ അറിയിക്കാൻ റോഡിലൂടെ സമീപത്തെ വീടുകളിലേക്ക് പോകുമ്പോഴാണ് ജനവാസമേഖലയിൽ നിന്ന് മറ്റൊരു കടുവ റോഡ് കുറുകെ കടന്ന് ഇരുളിൽ മറഞ്ഞത്.
ഇതോടെ, ഭീതിയിലായ ഗ്രാമീണർ വനം, പൊലീസ് അധികൃതരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അധികൃതർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഏറെനേരം നടത്തിയ ശ്രമത്തിനൊടുവിലാണ് കടുവകൾ തിരികെ കാടുകയറിയത്. കടുവകൾ വീണ്ടും നാട്ടിലിറങ്ങാൻ സാധ്യതയുള്ളതിനാൽ അധികൃതരും നാട്ടുകാരും പ്രദേശത്ത് കാവലിരുന്നാണ് നേരം വെളുപ്പിച്ചത്.
വനമേഖലയുടെ അതിരിൽ വൈദ്യുതി വേലിയില്ലാത്തതും വള്ളക്കടവ് പ്രദേശത്ത് വഴി വിളക്കുകൾ തെളിയാത്തതും വന്യജീവികൾക്ക് ജനവാസ മേഖലയിലെത്താൻ സൗകര്യമായിട്ടുണ്ട്. ഏതാനും മാസങ്ങൾക്കിടെ ഈ ഭാഗത്തെ നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവയും പുലിയും പിടികൂടിയത്. ഒരേസമയം ഒന്നിലധികം കടുവകൾ ജനവാസ മേഖലയിലിറങ്ങിയതോടെ വലിയ ഭീതിയിലായിരിക്കുകയാണ് ഈ ഭാഗത്തെ നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.