ചാവക്കാട്: തിരുവത്ര ക്ഷേത്രത്തിലെ മാല മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റിൽ. എടവിലങ്ങ് കാര എടച്ചാലിൽ വീട്ടിൽ ദിപിൻ ദാസിനെയാണ് (37) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരുവത്ര നാഗഹരിക്കാവ് ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്.
ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തിൽ അണിഞ്ഞ സ്വർണമാലയും സ്വർണപ്പൊട്ടുമാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലെ പ്രധാന പൂജാരി അസുഖത്തെത്തുടർന്ന് ആറ് മാസത്തേക്ക് അവധിക്കു പോയപ്പോൾ പകരം ശാന്തി ചെയ്യാനാണ് പ്രതി എത്തിയത്. ആറ് മാസം കഴിഞ്ഞ് തിരിച്ചെത്തിയ പൂജാരി വിഗ്രഹത്തിലെ പൊട്ട് കാണാതായത് അന്വേഷിച്ചപ്പോൾ വീണ് പൊട്ടിയപ്പോൾ നന്നാക്കാൻ സ്വർണക്കടയിൽ കൊടുത്തുവെന്നായിരുന്നു പ്രതിയുടെ വിശദീകരണം.
പിന്നീട് വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാലക്ക് പതിവിൽ കൂടുതൽ വലുപ്പമുള്ളതായി തോന്നിയപ്പോഴാണ് അതേക്കുറിച്ച് അന്വേഷണം നടത്തിയത്. മോഷണം പുറത്തറിയാതിരിക്കാൻ വിഗ്രഹത്തിൽ അണിഞ്ഞ മാലയുടെ ഏകദേശം അതേ രൂപത്തിൽ സ്വർണം പൂശിയ മാലയാണ് അണിയിച്ചിരുന്നത്.
മാല മോഷണം പോയ പരാതിയിൽ പൊലീസ് പ്രത്യേകസംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. രണ്ട് പവനുള്ള മാലയും ഒരു പവന്റെ പൊട്ടും പൊലീസ് കണ്ടെടുത്തു. എസ്.ഐമാരായ ബിജു പട്ടാമ്പി, എ.എസ്.ഐ അൻവർ സാദത്ത്, സി.പി.ഒമാരായ കെ. ഹംദ്, മെൽവിൻ, രാജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.