അടൂർ: ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥ- തിരക്കഥാകൃത്തും നാടകകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന മുന്‍ഷി പരമുപിള്ള എന്ന ആര്‍.കെ. പരമേശ്വരന്‍ പിള്ള അന്തരിച്ചിട്ട് വ്യാഴാഴ്ച 60 വർഷം. അടൂര്‍ പെരിങ്ങനാട്ട് ജനിച്ച അദ്ദേഹം ഏനാദിമംഗലം ഇളമണ്ണൂരിലാണ് ജീവിച്ചത്.
സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍, അനാചാരങ്ങള്‍, പൊങ്ങച്ചം എന്നിവയെല്ലാം ആക്ഷേപഹാസ്യത്തിലൂടെ അരങ്ങിലെത്തിച്ച അദ്ദേഹം 'കേരള ബര്‍ണാഡ്ഷാ' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, താന്‍ ഷാ അല്ല ഒരു ഷോ മാത്രമെന്നായിരുന്നു മുന്‍ഷിയുടെ മറുപടി. പെരിങ്ങനാട് അമ്മകണ്ടകരയില്‍ കോപ്പാരേത്ത് വീട്ടില്‍ കൊച്ചുകുഞ്ഞ് പിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി 1894ലാണ് ജനിച്ചത്.
ഹാസസാഹിത്യകാരനായിരുന്ന ഇ.വി. കൃഷ്ണപിള്ളയായിരുന്നു അയല്‍വാസിയും ആത്മമിത്രവും. അന്ന് ഏഴാം ക്ലാസ് ജയിച്ചാണ് മുന്‍ഷിയായത്. കെ.സി. കേശവ പിള്ളയുടെ 'സദാരാമ' നാടകത്തില്‍ അഭിനയിച്ചു. പെരിങ്ങനാട്ടുനിന്ന് വെളിച്ചപ്പെട്ട ഒരു ചിട്ടവട്ടങ്ങളുമില്ലായിരുന്ന ഒരു പുറപ്പാടെന്നായിരുന്നു ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സുപ്രഭ, ആറടിമണ്ണ്, തിരിച്ചടി, കള്ളന്‍ ഞാനാ എന്നിങ്ങനെ അദ്ദേഹത്തിന്‍റെ ഒട്ടനവധി നാടകങ്ങള്‍ പ്രശസ്ത നാടകക്കമ്പനികള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചു. നിരവധി സിനിമക്കും കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി. പ്രസന്ന എന്ന ആദ്യകാല മലയാള സിനിമയുടെ കഥാകൃത്ത് മുന്‍ഷിയായിരുന്നു.
ചിത്രം പക്ഷിരാജ സ്റ്റുഡിയോസ് മലയാളത്തിലും തമിഴിലും നിർമിച്ചപ്പോള്‍ മുന്‍ഷി ആയിരുന്നു മലയാളം തിരക്കഥ എഴുതിയത്. വനമാല, സന്ദേഹി, കാഞ്ചന, കാലം മാറുന്നു, തസ്‌കരവീരന്‍ എന്നീ സിനിമകള്‍ക്കും കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി. മുന്‍ഷിയുടെ ജനപ്രിയ നാടകം 'സുപ്രഭ'യുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു 'മണമകള്‍' എന്ന തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമ. ഇതിന്റെ കഥ മുന്‍ഷി പരമുപിള്ളയുടേതും സംഭാഷണം കരുണാനിധിയുടേതുമായിരുന്നു. സി.വി. കുഞ്ഞുരാമന്റെ 'നവജീവ'നിലാണ് മുന്‍ഷി എഴുതിത്തുടങ്ങിയത്. പ്രസന്നകേരളം, നവസരസന്‍, ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുന്‍ഷി. സരസന്‍ മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹികവിമര്‍ശനം അന്നത്തെ ഭരണാധികാരികളെ അലോസരപ്പെടുത്തി.
ഉത്തരവാദഭരണ പ്രേക്ഷാഭകാലത്ത് സര്‍ സി.പിയെ വിമര്‍ശിച്ച് അദ്ദേഹം എഴുതിയതിന് മാസിക പലതവണ നിരോധിക്കപ്പെട്ടു. 1962 ജൂണ്‍ 16ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹം മൂന്നു വിവാഹം കഴിച്ചു. ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. രണ്ടാമത്തെ ഭാര്യ രത്നമയീദേവി. മൂന്നു മക്കളായിരുന്നു അവര്‍ക്ക്. ശാരദാമണി ദേവി, നയതന്ത്രജ്ഞനും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ജ്യോതീന്ദ്രനാഥ ദീക്ഷിത് (ജെ.എന്‍. ദീക്ഷിത്), നരേന്ദ്രനാഥ ദീക്ഷിത് എന്നിവര്‍. പിന്നീട് രത്നമയീദേവിയുമായി മുന്‍ഷി അകന്നു. അവസാനകാലത്ത് അദ്ദേഹം മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടി അമ്മയോടൊപ്പമായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.