ഇന്ന് ലോക പേവിഷബാധ വിരുദ്ധ ദിനം:ലോകത്ത് പ്രതിവർഷം മരിക്കുന്നത് 60,000ത്തോളം പേർ

കോഴിക്കോട്: പേവിഷബാധക്കെതിരായ മുൻകരുതലിനെ ഓർമിപ്പിച്ചുകൊണ്ട് വീണ്ടുമൊരു അന്താരാഷ്ട്ര പേവിഷബാധ വിരുദ്ധദിനം. പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയും വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ദിനം എത്തുന്നത്.

ഈ വർഷം മാത്രം നായുടെ കടിയേറ്റ് 21 പേരാണ് സംസ്ഥാനത്ത് മരിച്ചത്. റാബീസ് വാക്സിനും ഗുരുതരമായി കടിയേറ്റവർക്ക് നൽകുന്ന ഇമ്യൂണോ ഗ്ലോബലിനും എടുത്തിട്ടും രോഗികൾ മരിച്ചതിനാൽ പേപ്പട്ടിഭീതിയിലാണ് കേരളം. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകമായതാണ് പേവിഷബാധ. ലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയാൽ പിന്നെ രോഗിയെ ഒരുതരത്തിലും രക്ഷിക്കാൻ കഴിയില്ലെന്നതും ഈ രോഗത്തിന്‍റെ ഭീകരത വർധിപ്പിക്കുന്നു.

ലോകത്തൊട്ടാകെ പ്രതിവർഷം 60,000ത്തോളം പേരാണ് പേവിഷബാധയേറ്റ് മരിക്കുന്നത്. ഇക്കാര്യത്തിൽ ഒന്നാംസ്ഥാനത്താണ് ഇന്ത്യ. വർഷംതോറും ഏകദേശം 20,000ത്തോളം പേർ മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. സാധാരണ വാക്സിൻ കൊണ്ടുതന്നെ നിയന്ത്രിക്കാവുന്ന രോഗമാണ് റാബീസ്.

തെരുവുനായുടെ കടിയേറ്റുള്ള മരണനിരക്ക് കൂടിയ സാഹചര്യത്തിൽ വാക്സിനേഷൻ ഡ്രൈവ് നടത്തുകയും തെരുവുനായ്ക്കൾ അടക്കം എല്ലാ മൃഗങ്ങളേയും വാക്സിനേറ്റ് ചെയ്യുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നൽകണമെങ്കിൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ പൂച്ചയുടെ കടിയേറ്റ് ചികിത്സക്കെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. അതേസമയം, വാക്സിനെടുത്തിട്ടും ആളുകൾ മരിച്ചതെന്തുകൊണ്ടെന്ന് പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ വിദഗ്‌ധസമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വാക്‌സിനേഷൻ രീതികളുടെ പോരായ്മയാണോ മരണകാരണമെന്നും സമിതി പരിശോധിക്കുന്നുണ്ട്. ഒരുമാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.

ലൂയി പാസ്റ്ററുടെ ചരമദിനമായ സെപ്റ്റംബർ 28നാണ് അന്താരാഷ്ട്ര പേവിഷബാധ വിരുദ്ധ ദിനമായി ആചരിക്കുന്നത്. 'റാബീസ്-വൺ ഹെൽത്ത് സീറോ ഡെത്ത്' ലോകാരോഗ്യ സംഘടന ഈ വർഷം സ്വീകരിച്ച ടാഗ് ലൈൻ. മനുഷ്യന്‍റെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം, പരിസ്ഥിതി ആരോഗ്യം എന്നിവ ഒരുമിച്ചുകൊണ്ടുപോകണമെന്നാണ് ഏകാരോഗ്യം (വൺ ഹെൽത്ത്) കൊണ്ടുദ്ദേശിക്കുന്നത്. 

Tags:    
News Summary - Today is World Rabies Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.