കോഴിക്കോട്: കേരളത്തിൽ ആത്മഹത്യ നിരക്കിൽ വീണ്ടും വൻ വർധന. കഴിഞ്ഞ നാലുവർഷത്തേക്കാൾ ഇക്കഴിഞ്ഞ വർഷം ആത്മഹത്യ നിരക്ക് വളരെയേറെ ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ കുറവ് രേഖപ്പെടുത്തിയ നിരക്ക് 2021ൽ വൻതോതിലാണ് കൂടിയത്.
2017 മുതൽ 2021 വരെ അഞ്ചുവർഷത്തിനിടയിൽ 42,712 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2017ൽ 7870 പേർ ജീവനൊടുക്കി. ഒരു ലക്ഷം പേരിൽ 22.9 പേർ എന്ന നിരക്കാണ് 2017 രേഖപ്പെടുത്തിയത്. 2018ൽ 8237 (23.8) പേർ ആത്മഹത്യ ചെയ്തപ്പോൾ 2019ൽ 8556 ആയി ഉയർന്നു. എന്നാൽ, 2020ൽ നേരിയ കുറവ് രേഖപ്പെടുത്തി. 8500 പേരാണ് ആ വർഷം ആത്മഹത്യ ചെയ്തത്. പക്ഷേ, 2021ൽ വൻ വർധനയാണ് സംസ്ഥാനത്തുണ്ടായത്. 9549 പേരാണ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്. 2020നേക്കാൾ 1049 പേർ കൂടുതലായി ആത്മഹത്യ ചെയ്തെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളെ അവലോകനം ചെയ്ത് ആത്മഹത്യ പ്രതിരോധ കേന്ദ്രമായ 'തണൽ' തയാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.
2021ൽ ഏറ്റവും കൂടുതൽപേർ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1416. ലക്ഷത്തിൽ 42 എന്നതാണ് തിരുവനന്തപുരത്തെ നിരക്ക്. ഏറ്റവും കുറവ് നിരക്ക് (11.2) മലപ്പുറത്താണ്. 1068 പേർ ആത്മഹത്യ ചെയ്ത കൊല്ലമാണ് രണ്ടാമത്. ആത്മഹത്യ ചെയ്തവരിൽ 44 ശതമാനവും 15 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരാണ്. ഈ പ്രായത്തിലുള്ള 4249 പേരാണ് ആത്മഹത്യ ചെയ്തത്. 46നും 59നും ഇടയിലുള്ള 2659 പേർ സ്വയം മരണം തിരഞ്ഞെടുത്തപ്പോൾ 60 വയസ്സിനു മുകളിലുള്ള 2558 പേരാണ് ആത്മഹത്യ ചെയ്തത്.
14 വയസ്സിൽ താഴെയുള്ള 77 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യയിലെ പുരുഷ-സ്ത്രീ അനുപാതം 3:1 ആണ്. 7487 പുരുഷന്മാരും 2056 സ്ത്രീകളും ആത്മഹത്യ ചെയ്തതായി കണക്കുകൾ പറയുന്നു. മരിച്ചവരിൽ പകുതിയോളം പേർ പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാഭ്യാസമുള്ളവരാണ്-48.7 ശതമാനം. ബിരുദ - ബിരുദാനന്തര ബിരുദമുള്ളവർ 535 പേരുണ്ട് പട്ടികയിൽ.
ആത്മഹത്യക്കാരിൽ 78.4 ശതമാനവും തിരഞ്ഞെടുത്തത് തൂങ്ങിമരണമാണ്. 9.4 ശതമാനം വിഷം കഴിച്ചു. മൊത്തം ആത്മഹത്യക്കാരിൽ 34 ശതമാനവും ദിവസവരുമാനക്കാരാണ്. ബിസിനസുകാരും വീട്ടമ്മമാരും 13.5 ശതമാനം. 5.2 ശതമാനം വിദ്യാർഥികളാണ്. പകുതിയോളം പേർ കുടുംബപ്രശ്നങ്ങളുടെ പേരിലാണ് ആത്മഹത്യ തിരഞ്ഞെടുത്തത്. ശാരീരിക- മാനസിക രോഗങ്ങൾ മൂലം 21 ശതമാനം പേർ സ്വയം മരണം തിരഞ്ഞെടുത്തു.
കോവിഡിനു ശേഷമുള്ള സാമ്പത്തിക തകർച്ച, തൊഴിൽ നഷ്ടം, കച്ചവടത്തിലെ തകർച്ച, ഗൾഫിൽനിന്നുള്ള മടങ്ങിവരവ് തുടങ്ങിയവയാണ് ആത്മഹത്യ വർധിക്കാൻ കാരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മെന്റൽ ഹെൽത്ത് കമ്മിറ്റി കൺവീനറും തണൽ ഫൗണ്ടർ ഡയറക്ടറുമായ ഡോ. പി.എൻ സുരേഷ് കുമാർ പറയുന്നു. കോവിഡ് കാലത്ത് പഠനം ഓൺലൈനിലേക്ക് മാറിയശേഷം വിദ്യാർഥികളിലുണ്ടായ മാറ്റങ്ങൾ അവർക്കിടയിൽ ആത്മഹത്യ വർധിക്കാൻ കാരണമായിട്ടുണ്ട്. ഭീകരമായിക്കൊണ്ടിരിക്കുന്ന ലഹരി മരുന്നുകളുടെ ഉപയോഗം ആത്മഹത്യ നിരക്ക് ഇനിയും വർധിപ്പിക്കും. സർക്കാറും ജനങ്ങളും ഉണർന്നു പ്രവർത്തിക്കുകയും ആരോഗ്യ - സാമൂഹിക പുനരാവിഷ്കൃത പദ്ധതികൾക്ക് സർക്കാർ മുൻകൈയെടുക്കുകയും ചെയ്തില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും-ഡോ. സുരേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.