തൃശൂർ: മഴയാൽ ഉള്ളുനനയുന്ന കേരളത്തിന്‍റെ ഭൂഗർഭ ജല ശേഖരത്തിന് ഇടിവ് പറ്റുന്നതായി ആശങ്ക. അതിതീവ്ര മഴയും പ്രളയവുമാണ് കരുതൽ ജല ശേഖരം കുറയാൻ മുഖ്യ കാരണമായി വിലയിരുത്തുന്നത്. ഇവ മൂലം ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതാണ് ഭൂഗർഭ ജല ശേഖരത്തിൽ കുറവുവരുന്നതിന് ജല ശാസ്ത്രജ്ഞന്മാർ നിരത്തുന്ന ന്യായം.
കേരളത്തിന്‍റെ ചരിവു കൂടിയ ഭൂപ്രകൃതിയിൽ അതിതീവ്ര മഴയിൽ ലഭിക്കുന്ന ജലം എത്രയും പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോകുകയാണ്. മണ്ണിൽ പിടിക്കുന്ന മഴ ഇപ്പോൾ കേരളത്തിന് അന്യമാണ്. കൃഷിക്കു വേണ്ടി ഒരുക്കിയ കൂടുതൽ ഫലഭൂയിഷ്ഠമായ മണ്ണ് അടക്കം ഒലിച്ചുപോകുന്ന സാഹചര്യം കൂടി അതിതീവ്ര മഴ സൃഷ്ടിക്കുന്നു. സാധാരണ നിലയിൽ പെയ്യുന്ന മഴ മണ്ണിൽ കിനിഞ്ഞിറങ്ങും.
കഴിഞ്ഞ നാലുവർഷങ്ങളിലും ലഭിച്ച ചുരുങ്ങിയ ദിനങ്ങളിലെ അതിതീവ്ര മഴമൂലം ഭൂമിയിലേക്ക് ജലം ആഴ്ന്നിറങ്ങുന്നതിൽ കുറവു വന്നതായാണ് നിരീക്ഷണം. ഭൂഗർഭ ജല പരിശോധനക്കായി കേരളത്തിലെ രണ്ടായിരത്തോളം വരുന്ന നിരീക്ഷണ കിണറുകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. ഒപ്പം പ്രളയ പശ്ചാത്തലത്തിൽ ജലം കിനിഞ്ഞിറങ്ങുന്ന ഭൂഗർഭ ഭാഗങ്ങൾക്കുണ്ടായ നാശവും പ്രശ്നം സങ്കീർണമാക്കുന്നു.
ചളിയും മലിനജലവും പ്രളയദിനങ്ങളിൽ ഒഴുകിയൊലിച്ചത് ഇത്തരം മാർഗങ്ങൾ ഒരു പരിധിവരെ അടക്കപ്പെട്ടു. അടഞ്ഞുപോയ മാർഗങ്ങൾ തുറക്കാൻ അവയുടെ സ്വാഭാവിക പരിണാമം സാധ്യമാവേണ്ടതുണ്ട്. അതിന് കേരളത്തിന്‍റെ ഭൂപ്രകൃതിക്ക് അനുസരിച്ച മഴ ലഭിച്ചേ മതിയാവൂ. ഒപ്പം തുടർച്ചയായ പ്രളയ വർഷങ്ങളിൽ പുഴകളിലും ജലാശയങ്ങളിലും അടിഞ്ഞുകൂടിയ വനത്തിലെ മരം അടക്കമുള്ളവ വെള്ളം ഉൾക്കൊള്ളാനാവാത്ത സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇവ നീക്കംചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതി പല കാരണങ്ങളാലും നടപ്പാക്കാനായില്ല.
അതേസമയം, രണ്ടുമാസത്തെ വേനൽ ജലദൗർലഭ്യത്തെ ഇതര മാസങ്ങളിലെ മഴയിൽ മലയാളികൾ മറക്കുകയാണ്. നിരുത്തരവാദപരമായ ഈ പെരുമാറ്റത്തിന് പരിഹാരം ജല സാക്ഷരതയാണ്. ജലസംരക്ഷണ പ്രവർത്തനം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി കുട്ടികളെ മുതൽ ജലസാക്ഷരത പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. മഴവെള്ളം ശേഖരിക്കാൻ മഴക്കൊയ്‌ത്ത്, കിണർ പരിപോഷണം തുടങ്ങിയ മാർഗങ്ങൾ അവലംബിച്ച് കരുതിയിരിക്കുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.