മാള: പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യശേഖരണ കേന്ദ്രത്തിൽ (എം.സി.എഫ്) ടൺ കണക്കിന് മാലിന്യം കെട്ടിക്കിടക്കുന്നത് ദുരിതമാവുന്നു. മാള കടവ് ജനസാന്ദ്രതയേറിയ ഭാഗത്താണ് എം.സി.എഫ്. നേരത്തേ ഇത് റൂറൽ പച്ചക്കറി മാർക്കറ്റായാണ് അറിയപെട്ടിരുന്നത്. മാള ഹരിതകർമസേന രണ്ടര വർഷത്തിനുള്ളിൽ കയറ്റിവിട്ടത് 60 ടൺ സാധനങ്ങളാണെന്ന് സേന പറയുന്നു. അതേസമയം ഇപ്പോഴും ടൺകണക്കിന് പ്ലാസ്റ്റിക് അടക്കം സാധനങ്ങൾ എം.സി.എഫിൽ കുന്നുകൂടിക്കിടക്കുകയാണ്.
2021 ലാണ് ഹരിതകർമസേന പ്രവർത്തനം തുടങ്ങിയത്. നിലവിൽ 32 അംഗങ്ങളാണുള്ളത്. 3.86 ലക്ഷം രൂപ ശുചിത്വമിഷനിൽനിന്ന് ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കൾക്ക് ശുചിത്വമിഷൻ ഹരിതകർമസേനക്ക് പണം നൽകും. 29 ടൺ കിലോഗ്രാമിന് 12 രൂപ നൽകി കയറ്റിവിട്ടിരുന്നു.കർമസേനയിലെ 32 അംഗങ്ങൾക്ക് ദിവസം 500 രൂപ നിരക്കിൽ പ്രതിമാസം നൽകുന്നുണ്ട്. ഇതിൽ പത്തു ശതമാനം കോർപ്പസ് ഫണ്ട് ഇനത്തിലേക്ക് മാറ്റും. ഈ ഇനത്തിൽ ഇപ്പോൾ ഒരു ലക്ഷം രൂപ നീക്കിയിരിപ്പുള്ളതായും ബന്ധപ്പെട്ടവർ മാധ്യമത്തോട് പറഞ്ഞു. നിലവിലെ എം.സി.എഫ് പര്യാപ്തമല്ലെന്ന് വരുത്തിത്തീർക്കാനാണ് കയറ്റിവിടാത്തതെന്നും ആക്ഷേപമുണ്ട്. മാള പഞ്ചായത്തിൽ 12,462 വീടുകളും 990 സ്ഥാപനങ്ങളുമുണ്ട്.
ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൂടുതൽ സൂക്ഷിക്കാൻ ബെയ്ലിങ് യന്ത്രം വാങ്ങിയെങ്കിലും സ്ഥാപിച്ചിട്ടില്ല. എം.സി.എഫ് വാർഡ് 12 വലിയപറമ്പിലേക്ക് മാറാൻ നടപടി ആയിട്ടുണ്ട്. ഇതിനെതിരെ ജനകീയ കൂട്ടായ്മ ശക്തമായി സമര രംഗത്തുണ്ട്. പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം അന്നമനട പഞ്ചായത്തിന്റെ മാതൃക സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.