തിരുവനന്തപുരം: വിനോദസഞ്ചാര വികസനത്തിെൻറ ഭാഗമായി സംസ്ഥാനത്തെ 147 തീർഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. തീർഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തത്ത്വത്തില്‍ അംഗീകാരം നല്കി. വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി സമര്‍പ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
തീർഥാടന ടൂറിസം മൂന്നാം സര്ക്യൂട്ടിെൻറ വികസനത്തിെൻറ ഭാഗമായാണ് ഇത് നടപ്പാക്കുക. ഏഴ് ക്ലസ്റ്ററുകളായി തിരിച്ച് ജില്ലകളിലെ പ്രധാനപ്പെട്ട ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. കമ്യൂണിറ്റി ഹാളുകള്‍, അന്നദാന മണ്ഡപങ്ങള്‍, ശൗചാലയങ്ങള്‍, വിശ്രമമുറികള്‍, ഭക്ഷണശാലകള്‍ തുടങ്ങി തീർഥാടകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുക.
10.91 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്ന കാസര്‍കോട് ജില്ലയാണ് ഒന്നാം ക്ലസ്റ്ററിലുള്ളത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ചേരുന്ന രണ്ടാം ക്ലസ്റ്ററില്‍ 9.29 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. പാലക്കാട്, മലപ്പുറം ജില്ലകള്‍ അടങ്ങുന്ന മൂന്നാം ക്ലസ്റ്ററില്‍ 9.03 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 14.24 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്ന നാലാം ക്ലസ്റ്ററില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളാണുള്ളത്. കോട്ടയവും ആലപ്പുഴയും അടങ്ങുന്ന അഞ്ചാം ക്ലസ്റ്ററില്‍ 19.91 കോടി രൂപയുടെ വികസന പദ്ധതികള്‍ ആവിഷ്കരിക്കും.
ആറാം ക്ലസ്റ്ററിലെ പത്തനംതിട്ട ജില്ലയില്‍ 11.80 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ചേരുന്ന ഏഴാം ക്ലസ്റ്ററില്‍ 12.16 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
കാസര്‍കോട് അനന്തപത്മനാഭസ്വാമി ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പൊന്നാനി വലിയപള്ളി ജുമാമസ്ജിദ്, കല്പാത്തി വിശാലാക്ഷി സമേത ശ്രീവിശ്വനാഥ സ്വാമി ക്ഷേത്രം, പട്ടാമ്പി തളി ശിവക്ഷേത്രം, തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍, എരുമേലി അയ്യപ്പ സേവാസംഘം, കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി, ചമ്പക്കുളം സെൻറ് മേരീസ് ചര്‍ച്ച്, തിരുവല്ല മാര്‍ത്തോമാ ചര്‍ച്ച്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയവ പദ്ധതിയിലെ ആരാധനാലയങ്ങളില്‍ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.