ചങ്ങരംകുളം: സംസ്ഥാനപാതയിൽ വളയംകുളത്ത് സെമിഹമ്പിന് സമീപത്ത് ബ്രേക്കിട്ട കാറിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതക്കാലിലേക്ക് ഇടിച്ചുകയറിയ കാറിലെ യാത്രക്കാർക്ക് പരിക്കേറ്റു. നടുവട്ടം സ്വദേശികളായ മിഷാൽ (33), നിസാർ(33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ വളയംകുളം എം.വി.എം സ്കൂളിന് മുൻവശം ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് അപകടം. തൃശൂർ ഭാഗത്തുനിന്ന് വന്ന കാർ സെമിഹമ്പിന് സമീപം പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു.
പാതയോരങ്ങളിൽ വെളിച്ചമില്ലാത്തതും അപകടമേഖലയായ പ്രദേശത്ത് മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്.ചിയ്യാനൂർ പാടത്തും വളയംകുളത്തും സ്ഥാപിച്ച സെമിഹമ്പുകളിൽ രാത്രി അപകടം പതിവായിട്ടും ഹമ്പ് തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.
തിരക്കേറിയ പാതയിൽ തെരുവുവിളക്ക് ഇല്ലെന്നും ദിനംപ്രതി ഹമ്പിന് സമീപം ദീർഘദൂര വാഹനങ്ങൾ അപകടത്തിൽപെടുന്ന അവസ്ഥയാണെന്നും അധികൃതർ പുറംതിരിഞ്ഞ് നിൽക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.