കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന് ശിക്ഷയിൽ ഇളവിന് നീക്കം. 70 വയസ്സ് കഴിഞ്ഞ തടവുകാർക്കുള്ള ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയാണ് ശിക്ഷയിളവിന് നടപടി തുടങ്ങിയത്. ശിക്ഷയിളവ് നൽകുന്നതു സംബന്ധിച്ച് ജയിൽ ഉപദേശക സമിതി പൊലീസ് റിപ്പോർട്ട് തേടി.റിപ്പോർട്ട് തയാറാക്കുന്നതിെൻറ ഭാഗമായി കൊളവല്ലൂർ പൊലീസ്, ടി.പിയുടെ ഭാര്യ കെ.കെ. രമ ഉൾപ്പെടെയുള്ളവരിൽനിന്ന് മൊഴിയെടുത്തു. ശിക്ഷയിളവ് തീരുമാനിക്കുംമുമ്പ് ഇരയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം തേടണമെന്നാണ് ചട്ടം. കുഞ്ഞനന്തന് ശിക്ഷയിളവ് നൽകുന്നതിനെ അംഗീകരിക്കില്ലെന്ന മൊഴിയാണ് രമ നൽകിയത്.
ക്രമസമാധാന പ്രശ്നവും പൊലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. റിപ്പോർട്ട് ജില്ല പൊലീസ് മേധാവി കണ്ട് അംഗീകരിച്ച ശേഷമാണ് ജയിൽ ഉപദേശക സമിതിക്ക് നൽകുക. റിപ്പോർട്ട് തയാറാക്കി വരുകയാണെന്നും പൂർണമായും ബോധ്യപ്പെട്ടാൽ മാത്രമേ ഇളവിന് ശിപാർശ ചെയ്യുകയുള്ളൂവെന്നും ജില്ല പൊലീസ് മേധാവി ശിവവിക്രം പറഞ്ഞു. പൊലീസ് റിേപ്പാർട്ട് അനുകൂലമായാൽ ഡി.എം.ഒയും മറ്റും ഉൾപ്പെട്ട മെഡിക്കൽ ബോർഡ് പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകണം. അത് ജയിൽ ഉപദേശക സമിതി അംഗീകരിച്ച് സർക്കാറിന് നൽകും. സർക്കാർ നൽകുന്ന പട്ടികയിൽ ഗവർണർ ഒപ്പുവെച്ചാൽ മാത്രമേ ഇളവ് ബാധകമാവുകയുള്ളു.
ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ 2012 മേയ് നാലിന് വടകര ഒഞ്ചിയത്ത് െകാല്ലപ്പെട്ട കേസിൽ 13ാം പ്രതിയാണ് പി.കെ. കുഞ്ഞനന്തൻ. കുഞ്ഞനന്തൻ ഉൾപ്പെടെ 11 പ്രതികളെ 2014 ജനുവരി 28നാണ് കോടതി ശിക്ഷിച്ചത്. ഗൂഢാലോചന കുറ്റമാണ് കുഞ്ഞനന്തനെതിരെ ചുമത്തിയിട്ടുള്ളത്. ശിക്ഷിക്കപ്പെട്ടതിന് ശേഷവും, പാനൂർ മേഖലയിൽ സി.പി.എമ്മിലെ പ്രമുഖനായ കുഞ്ഞനന്തൻ നിരപരാധിയാണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സി.പി.എം നേതാക്കൾക്കുള്ളത്. കുഞ്ഞനന്തനെ പാർട്ടി ഏരിയ കമ്മിറ്റിയംഗമായി നിലനിർത്തുകയും ചെയ്തു.
കുഞ്ഞനന്തൻ അടക്കമുള്ള ടി.പി കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷയിളവ് നൽകാനുള്ള നീക്കം നേരത്തേ വിവാദമായിരുന്നു. ടി.പി കേസ് പ്രതികളുൾപ്പെട്ട പട്ടിക ഗവർണർ മടക്കുകയായിരുന്നു. അതിനു പിന്നാലെയാണ് പ്രായാധിക്യത്തിെൻറ ആനുകൂല്യത്തിൽ കുഞ്ഞനന്തനെയും ഉൾപ്പെടുത്തുന്നത്. ഹൃദയസംബന്ധമായ അസുഖെത്ത തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ കുഞ്ഞനന്തന് അനാരോഗ്യ പ്രശ്നവും അനുകൂല ഘടകമാവും.
ശിക്ഷയിളവ് അംഗീകരിക്കില്ല; കോടതിയിൽ നേരിടും -കെ.കെ. രമ
കണ്ണൂർ: പി.കെ. കുഞ്ഞനന്തന് ശിക്ഷയിളവ് നൽകി മോചിപ്പിക്കാൻ തീരുമാനിച്ചാൽ കോടതിയിൽ നേരിടുമെന്ന് ടി.പി. ചന്ദ്രശേഖരെൻറ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ. രമ. ടി.പിയുടെ െകാലയാളികൾ പാർട്ടിക്ക് വേണ്ടപ്പെട്ടവരാെണന്ന സത്യം ഒരിക്കൽകൂടി മറനീക്കിയിരിക്കുന്നു. പ്രതികൾക്ക് ഇഷ്ടം പോലെ പരോളും ജയിലിൽ വേണ്ട സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് സി.പി.എമ്മും അവരുടെ സർക്കാറുമാണ്. കോടതി ശിക്ഷിച്ച പ്രതികളെ ഭരണസ്വാധീനം ഉപയോഗിച്ച് മോചിപ്പിക്കുന്നത് കോടതി വിധി അട്ടിമറിക്കുന്നതിന് സമമാണ്. കുഞ്ഞനന്തൻ ഉൾപ്പെെടയുള്ളവർക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നു കാണിച്ച് തങ്ങൾ നൽകിയ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ സർക്കാറിന് ശിക്ഷയിളവ് നൽകാനാവില്ല. ടി.പി കേസ് പ്രതികളെ മോചിപ്പിക്കുന്നത് തനിക്കും കുടുംബത്തിനും ഭീഷണിയാണെന്നും രമ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.