റോഡിലിറങ്ങിയാൽ സർവ നിയങ്ങളും കാറ്റിൽ പറത്തുന്ന ഡ്രൈവർമാർ കരുതിയിരുന്നോ, ഇനിയെല്ലാം ക്യാമറയിൽ പതിയും. പിന്നാലെ നിയമത്തിന്റെ പിടിവീഴും.
സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതകളിലും പ്രധാനറോഡുകളിലും സ്ഥാപിച്ച ക്യാമറകളിൽ 90 ശതമാനവും ഏപ്രിൽ ഒന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. ഇതോടെ, അപകടങ്ങൾ വലിയ തോതിൽ കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
235കോടി രൂപ ചെലവിൽ 726 ക്യാമറകളാണ് മോട്ടോർ വാഹനവകുപ്പിനു കെൽട്രോൺ കൈമാറിയിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക, അപകടകരമായി ഓടിക്കൽ എന്നിവ പിടികൂടാനാണ് 700 നിർമ്മിത ബുദ്ധി ക്യാമറകൾ. മൂന്നിലെ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും ക്യാമറ പിടിക്കും. ഇതെപോലെ ഹെൽമെറ്റും.
അമിതവേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസിൽ ചാക്കയിലും ഇൻഫോസിസിന്‍റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും സിഗ്നലുകൾ തെറ്റിക്കുന്നവർക്കായി ജംങ്ഷനുകളിൽ 18 ക്യാമറകളും തയ്യാറാണ്. മോട്ടോർ വാഹനവകുപ്പപിന്‍റെ വാഹനത്തിൽ സ്വയം പ്രവർത്തിക്കുന്ന നാലുക്യാമറ സംവിധാനങ്ങളുണ്ടാവും. റോഡരികിൽ നിർത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തിൽ പോകുന്ന വണ്ടിയുടെ ചിത്രങ്ങൾ സഹിതം വിവരങ്ങൾ കൺട്രോൾറൂമിലേക്ക് അയക്കും. നിലവിൽ മോട്ടോർ വാഹനവകുപ്പിനുള്ളള ക്യാമറകൾ പ്രവർത്തിപ്പിക്കാൻ ഒരാൾ വേണം.
വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ ഒഴികെയുള്ളവയെല്ലാം പ്രവർത്തിക്കുന്നത് സൗർജോർജത്തിലാണ്. 4ജി കണക്ടിവിറ്റി സിമ്മിലാണ് കൈമാറ്റം. എല്ലാ വാഹനങ്ങളെലും ക്യാമറ ബോക്സിലുള്ള വിഷ്വൽ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകർത്തും. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്‍റെ ഫോട്ടോയും മോട്ടോർ വാഹനവകുപ്പിന്‍റെ കൺട്രോൾറൂമിലേക്ക് അയക്കും. ആറുമാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഇതിൽ സംവിധാനമുണ്ട്. ഓരോവർഷം കഴിയും തോറും റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ക്യാമറ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.